കോട്ടയം: എം.സി റോഡിൽ മണിപ്പുഴയിൽ യുവാവിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ കാർ നിയന്ത്രണം നഷ്ടമായത് കുറുകെ ചാടിയ തെരുവുനായയെ ഇടിയ്ക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ. കോട്ടയം മണിപ്പുഴ ജംഗ്ഷനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണനാ(32)ണ് മരിച്ചത്. അപകടത്തൽ സാരമായി പരിക്കേറ്റ ആലുവ സ്വദേശി അർജുൻ സുമേഷിനെ (22) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അരോമൽ (22), തിരുവനന്തപുരം സ്വദേശി അരോമൽ (22) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലത്തെ ക്ഷേത്രത്തിലെ പരിപാടികൾക്ക് ശേഷം മടങ്ങുകയായിരുന്ന മുടിയേറ്റ് സംഘം സഞ്ചരിച്ച കാർ തെരുവുനായയെ കണ്ട് വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി റോഡരികിൽ പാർക്ക് ചെയ്ത ലോറിയിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡ്രൈവർസീറ്റിന്റെ സമീപത്തെ സീറ്റിൽ ഇരുന്ന ഉണ്ണികൃഷ്ണന് ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. അപകടം ഉണ്ടായ ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് ഈ ലോറി റോഡരികിൽ പാർക്ക് ചെയ്തത്. കുമാരനല്ലൂരിലേയ്ക്ക് സാധനങ്ങളുമായി പോയ ലോറിയാണ് ഡ്രൈവർക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്നത്.