കോട്ടയം: നഗരമധ്യത്തിൽ വീണ്ടും വില്ലനായി സ്വകാര്യ ബസ്. ചന്തക്കവലയിൽ ശീമാട്ടിയ്ക്കു മുന്നിലാണ് അപകടം ഉണ്ടായത്. ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും ചന്തക്കവല ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് മുന്നിൽ പോയ കാറിൽ ഇടിച്ചത്. കോട്ടയം കൂരോപ്പട റൂട്ടിൽ സർവീസ് നടത്തുന്ന ജാൻസി റാണി ബസാണ് അപകടത്തിൽപ്പെട്ടത്. ചന്തക്കവല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറിന്റെ വലത് ഭാഗത്താണ് ബസ് ഇടിച്ചത്. കാറിൽ ഇടിച്ച ബസ് അമിത വേഗത്തിലായിരുന്നതായി പ്രദേശത്തെ വ്യാപാരികളും യാത്രക്കാരും പരാതിപ്പെട്ടു. നഗരമധ്യത്തിലൂടെ യാതൊരു വിധ വേഗ നിയന്ത്രണവുമില്ലാതെയാണ് സ്വകാര്യ ബസ് സർവീസ് നടത്തിയത്. ആഴ്ചകൾക്കു മുൻപാണ് ചന്തക്കവലയിലുണ്ടായ അപകടത്തിൽ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചത്. ഇതിന് ശേഷവും സ്വകാര്യ ബസുകൾ അമിത വേഗം കുറയ്ക്കാതെ പായുകയാണെന്നാണ് പരാതി. ഇതിനെതിരെ നാട്ടുകാരും വ്യാപാരികളും നിരന്തരം പരാതി ഉയർത്തുന്നുണ്ട്. ചന്തക്കവലയിൽ നിന്നും മാർക്കറ്റിലേയ്ക്കുള്ള വഴി അടച്ച് പോലും സ്വകാര്യ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നുണ്ട്. ഇതിനെതിരെയും നിരന്തരം പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതുവരെയും പൊലീസോ മോട്ടോർ വാഹന വകുപ്പോ ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ തയ്യാറായിട്ടില്ലെന്നും പറയുന്നു.




