കോട്ടയം ചങ്ങനാശേരിയിൽ ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരിച്ചത് നാലുനാക്കൽ സ്വദേശിനിയായ വീട്ടമ്മ

ചങ്ങനാശേരി: ചങ്ങനാശേരി ബൈപ്പാസിൽ ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചങ്ങനാശേരി ബൈപ്പാസിൽ എസ്.എച്ച് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറിലുണ്ടായിരുന്ന വീട്ടമ്മയുടെ ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാകത്താനം നാലുനാക്കൽ പാലച്ചുവട് കിഴക്കേക്കര വീട്ടിൽ സാം തോമസിന്റെ ഭാര്യ സുജ സാം (50) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന സാമിനെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 7.45 ഓടെയായിരുന്നു അപകടം. ഇരുവരും തിരുവല്ല ഭാഗത്തേയ്ക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്നു. ഇതിനിടെയാണ് ഇവർ സഞ്ചരിച്ച അതേ ദിശയിൽ തന്നെ എത്തിയ ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്നും സുജ റോഡിൽ വീണു. എതിർദിശയിലേയ്ക്കാണ് സാം വീണത്. തല ഇടിച്ചു റോഡിൽ വീണ സുജയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചങ്ങനാശേരി പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles