കോട്ടയം: ഒൻപത് വർഷം മുൻപത്തെ ഒരു വാർത്ത ഒരു നാടിനെ എങ്ങിനെ ഇന്നലെ മുൾ മുനയിൽ നിർത്തിയെന്നറിയണമെങ്കിൽ മാർച്ച് 30 ഞായറാഴ്ച വൈകിട്ട് കോട്ടയം അമ്മഞ്ചേരിയിലെ റോഡിലൂടെ ഒന്ന് സഞ്ചരിച്ചാൽ മതിയായിരുന്നു. അമ്മഞ്ചേരിക്കാരനായിരിക്കുക എന്നത് ഏറ്റവും ദുഷ്‌കരമായ രാത്രിയാണ് കഴിഞ്ഞ ദിവസം കടന്നു പോയതും. ആരാ കൊന്നത്… ആരാ ആ പൊലീസുകാരൻ.. ആരുടെ വീട്ടിലാ ചാക്കിൽ കെട്ടിയ ശവം… ചോദിച്ചും.. ഉത്തരം പറഞ്ഞും അമ്മഞ്ചേരിക്കാർ വലഞ്ഞ ഒരു രാത്രിയാണ് കടന്നു പോയത്. ഫോൺ വിളിയ്ക്ക് മറുപടി പറഞ്ഞ് ഗാന്ധിനഗർ, ഏറ്റുമാനൂർ പൊലീസും ക്ഷീണിച്ചു. എല്ലാത്തിനും കാരണമായത് 2016 ലെ ഒരു കൊലക്കേസ് മനോരമ ഓൺലൈൻ സംഘം പൊടിതട്ടിയെടുത്ത് വാർത്തയാക്കിയതും.
2025 മാർച്ച് 30 ന് രാവിലെ 10.42 നാണ് മനോരമ ഓൺലൈനിൽ അർച്ചന അനൂപ് എന്ന ലേഖിക – പ്രതിയെ കുടുക്കിയത് ബാർഡ് കോഡ്, ബെഡ്ഷീറ്റും വിനയായി; റബർ തോട്ടത്തിൽ മൃതദേഹം: ആരാണ് ആ പെൺകുട്ടി – എന്ന ഹെഡിംങിൽ വീഡിയോ സഹിതം വാർത്ത ചെയ്തത്. 2016 ഓഗസ്റ്റ് ഒന്നിന് ഏറ്റുമാനൂർ അതിരമ്പുഴ അമ്മഞ്ചേരി ഗ്രാമത്തെ നടുക്കിയ കൊലപാതകത്തിന്റെ കഥയാണ് പൊടിപ്പും തൊങ്ങലും കേട്ടറിവും വച്ച് മനോരമ ഓൺലൈൻ തട്ടിവിട്ടത്. അതിരമ്പുഴ സ്വദേശിയായ ഖാദർ യൂസഫാണ് അന്ന് അയൽവാസിയായ അശ്വതി എന്ന പെൺകുട്ടിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി മൃതദേഹം റബർ തോട്ടത്തിൽ തള്ളിയത്. ഈ കൊലപാതകത്തിന്റെ അന്വഷണ വഴികളാണ് അർച്ചന അനൂപ് വാർത്തയും വീഡിയോയുമായി എഴുതി മനോരമ ഓൺലൈനിൽ നിറച്ചത്. പക്ഷേ, അർച്ചനയോ മനോരമ ഓൺലൈനോ പോലും അറിയാത്ത അപ്രതീക്ഷിത ട്വിസ്റ്റ് ആരംഭിച്ചത് ഞായറാഴ്ച വൈകിട്ട് ഒൻപത് മണിയോടെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓൺലൈനിലെ വാർത്തയുടെ കഥ ആരോ ഏറ്റെടുത്ത് പ്രചരിപ്പു തുടങ്ങിയ അതേ സമയത്ത് തന്നെ, ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും സസ്‌പെൻഷനിലായ സിവിൽ പൊലീസ് ഓഫിസർ വീട്ടിൽ ഭാര്യയുമായി വഴക്കുണ്ടാക്കി ഏറ്റുമാനൂർ ഭാഗത്തെ റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ എത്തിയതായി വാർത്ത പടർന്നു. ഇയാളെ റെയിൽവേ പൊലീസ് സംഘവും ട്രാക്ക് പരിശോധിക്കാൻ എത്തിയ ഗ്യാങ്മാൻമാരും ചേർന്നു രക്ഷിച്ചെന്നായി വാർത്ത. എന്നാൽ, ഈ സംഭവം ഔദ്യോഗികമായി പൊലീസ് നിഷേധിക്കുകയും ചെയ്തു. മനോരമ ഓൺലൈനിലെ വാർത്തയും, പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാ ശ്രമവും ഒന്നിച്ച് ചേർത്ത ഏതോ നാട്ടിൻപുറത്തെ ‘ഓൺലൈൻ പത്രക്കാരന്റെ’ വായ്ത്താരിയായി വാട്‌സ്അപ്പ് ഗ്രൂപ്പിൽ പിറന്നു വീണതാണ് പിന്നെ അമ്മഞ്ചേരിയെ വിറപ്പിച്ച് പറന്നു നടന്നത്.
ഈ വാർത്ത മനോരമ ഓൺലൈനിൽ വായിച്ച ഏതോ ഒരു അമ്മഞ്ചേരിക്കാരൻ, ഓൺലൈനിലെ നിരക്ഷകരായ കൂട്ടുകാരുടെ കള്ളുകുടി സദസിലിരുന്ന തട്ടി വിട്ടു… അമ്മഞ്ചേരിയിൽ പൊലീസുകാരൻ യുവതിയെ കൊന്ന് വീടിനു പിന്നിലെ റബർപുരയിൽ ചാക്കിൽ കെട്ടി വച്ചു. സംഭവം അറിഞ്ഞ് മൂന്നു വണ്ടി പൊലീസ് സ്ഥലത്ത് എത്തി. ഗാന്ധിനഗറിൽ നിന്നും, ഏറ്റുമാനൂരിൽ നിന്നും… പിന്നെ ഒരു ഉന്നത ഉദ്യോഗസ്ഥനും… സംഭവം അറിഞ്ഞ് നാട്ടുകാരും പൊലീസും കൂടിയതോടെ പൊലീസുകാരൻ റെയിൽവേ ട്രാക്കിലേയ്ക്ക് ഇറങ്ങിയോടി… റെയിൽവേ പൊലീസും ട്രാക്ക് നോക്കാൻ എത്തിയ ഗ്യാങ്മാനും ചേർന്ന് കേരള എക്‌സ്പ്രസിന്റെ മുന്നിൽ നിന്നും പൊലീസുകാരനെ രക്ഷിച്ചു. പക്ഷേ, സംഭവം പൊലീസ് മുക്കി വച്ചിരിക്കുകയാണ്.. അതാണ് ചാനലിലൊന്നും വരാത്തത്..!!! ആശ്ചര്യചിഹ്നം ഒരുപാടുള്ള കള്ളുകുടിയന്റെ കഥ ടച്ചിംങ്്‌സില്ലാതെ വിഴുങ്ങിയവർ കലുങ്കിലും, പാടവരമ്പത്തും, കടയുടെ തിണ്ണയിലും ചെന്ന് കെട്ടഴിച്ചു വിളമ്പി.
കള്ളുകുടി സദസിൽ നിന്നും കേട്ട കഥ കാട്ടുതീ പോലെ ആളിപ്പടർന്നു. ഏറ്റുമാനൂർ മാർക്കറ്റിൽ മത്തി വിൽക്കുന്ന ജോസഫ് ചേട്ടൻ മുതൽ…. യുകെയിലെ ബെർമിംങ് ഹാമിലിരുന്ന ഔസേപ്പ്കുട്ടി വരെ വാർത്ത വാട്‌സ്്പ്പിലറിഞ്ഞു… യുകെയിൽ നിന്നും ഔസേപ്പ് കുട്ടി അമ്മഞ്ചേരിയിലെ കുഞ്ഞന്നാമ്മചേച്ചിയെ വിളിച്ച് അയൽപക്കത്തെ പൊലീസുകാരന്റെ വീടിന്റെ പിന്നാമ്പുറത്തെ ചാക്കു കെട്ടിന്റെ വിശേഷം തിരക്കി…! കേട്ടപാതി കേൾക്കാത്ത പാതി കുഞ്ഞന്നാമ്മചേച്ചി … അയൽക്കൂട്ടം ഗ്രൂപ്പിൽ കഥ തട്ടിയിട്ട് ഓവർ.. ഓവർ പറഞ്ഞ് കിടന്നുറങ്ങി… പിന്നെ പത്രം ഓഫിസുകളിലേയ്ക്ക് ഫോൺവിളിയായി.. പത്രം ഓഫിസിൽ നിന്ന് സ്റ്റേഷനുകളിലേയ്ക്കും… സി.ഐയിലേയ്ക്കും… ഡിവൈഎസ്പിയിലേയ്ക്കും.. എസ്.പിയിലേയ്ക്കും വരെ ഫോൺകോളുകൾ പ്രവഹിച്ചു. ചാക്കിൽക്കെട്ടിയ മൃതദേഹം അന്വേഷിച്ചു മടുത്ത മാധ്യമപ്രവർത്തകർ കൂർക്കം വലിച്ചുറക്കമായി…! പിറ്റേന്ന് രാവിലെ നേരം വെളുത്ത് കെട്ടിറങ്ങിയപ്പോഴാണ് പൊലീസ് ജീപ്പ് നേരിട്ട് കണ്ടവർക്ക് പോലും ക്ലൈമാക്‌സിലെ ട്വിസ്റ്റ് ബോധ്യപ്പെട്ടത്. ഏതായാലും പഴയ കഥയുടെ തുമ്പ് പോലും ഹെഡിംങിലിടാതെ അടിച്ചു വിട്ട മനോരമ ഓൺലൈൻ കൊളുത്തിവിട്ട പൊല്ലാപ്പ് തെല്ലൊന്നുമല്ല ഒരു നാടിനെ മുൾ മുനയിൽ നിർത്തിയത്…! ഇനിയെങ്കിലും ഇത്തരം വാർത്തയെഴുതുമ്പോൾ ഒരു മുന്നറിയിപ്പ് വയ്ക്കണമേ മനോരമേ എന്നാണ് ഇന്നു രാവിലെ പള്ളിയിലെത്തിയ അമ്മഞ്ചേരിക്കാരെല്ലാം മുട്ടിപ്പായി പ്രാർത്ഥിച്ചത്.