കോട്ടയം : കോട്ടയത്ത് നിന്ന് ബംഗളൂരുവിലേയ്ക്ക് പോയ കെ.എസ്.ആർ.ടി.സിയുടെ കെ. സ്വിഫ്റ്റ് അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക്. കോട്ടയം സ്വദേശികളായ അഞ്ച് യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കോട്ടയത്ത് – നിന്ന് ബംഗളുരു പോയ സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ ഗുണ്ടൽപ്പേട്ടിന് സമീപം നഞ്ചൻകോട് ആയിരുന്നു അപകടം.
ഇവിടെ ദേശീയ പാതയിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡിൽ മറിയുകയായിരുന്നു എന്നാണ് സൂചന. നഞ്ചൻകോടിന് സമീപം വീതി കുറഞ്ഞ പാലത്തിലാണ് അപകടം ഉണ്ടായത്. ഡി വൈ ഡറിൽ കയറി ബസ് മറിഞ്ഞതായാണ് വിവരം. വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരെ നഞ്ചൻകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കെ.എസ്.ആർ.ടി.സി അധികൃതർ സ്ഥലത്ത് എത്തിയിട്ടുണ്ട്.