കോട്ടയം: വ്യാജ ഇമെയിലും എസ്എംഎസും ശ്രദ്ധിക്കണമെന്നും തട്ടിപ്പിന് ഇടയാകരുതെന്നു ഉപഭോക്താക്കളോട് നിർദേശിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെത്തന്നെ കബളിപ്പിച്ച് തട്ടിപ്പ് സംഘം..! വ്യാജ ഇമെയിൽ സന്ദേശം അയച്ച് കോട്ടയം ചിങ്ങവനത്തെ എസ്.ബിഐ ശാഖയെ കബളിപ്പിച്ച തട്ടിപ്പ് സംഘം 15 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ചിങ്ങവനത്തെ സ്വകാര്യ വ്യവസായ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നാണ് തട്ടിപ്പ് സംഘം പണം തട്ടിയെടുത്തത്. സംഭവത്തിൽ കേസെടുത്ത ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് ചിങ്ങവനം എസ്ബിഐ ശാഖയിൽ എച്ച്ഡിഎഫ്സി ബാങ്കിൽ നിന്നെന്ന പേരിൽ മെയിൽ ലഭിച്ചത്. ചിങ്ങവനത്തെ സ്വകാര്യ വ്യവസായ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നും 15 ലക്ഷം രൂപ ബീഹാറിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ അക്കൗണ്ടിലേയ്ക്കു ട്രാൻസ്ഫർ ചെയ്യണമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. രേഖകളും മെയിലും അടക്കം പരിശോധിച്ചപ്പോൾ ഉള്ളടക്കം കൃത്യമാണ് എന്നു കണ്ടെത്തി. തുടർന്നു, ഈ അക്കൗണ്ടിലേയ്ക്ക് ഇവർ ആവശ്യപ്പെട്ട 15 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു നൽകുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, തങ്ങളുടെ അക്കൗണ്ടിൽ നിന്നും 15 ലക്ഷം രൂപ പിൻവലിക്കപ്പെട്ടതായുള്ള സന്ദേശം ലഭിച്ചതോടെ വ്യവസായ സ്ഥാപന അധികൃതർ ബാങ്കിനെ ബന്ധപ്പെട്ടു. ഇതോടെയാണ് എസ്ബിഐയ്ക്ക് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസിലായത്. തുടർന്നു, ബാങ്ക് അധികൃതർ ഉടൻ തന്നെ ബീഹാറിലെ എച്ച്ഡിഎഫ്സി ബാങ്കുമായി ബന്ധപ്പെട്ടു. എന്നാൽ, തിരഞ്ഞെടുപ്പിനെ തുടർന്നുള്ള പ്രാദേശിക അവധി നിലനിന്നിരുന്നതിനാൽ ബീഹാറിലെ ബാങ്ക് ഈ ദിവസം പ്രവർത്തിച്ചിരുന്നില്ല. തുടർന്ന്, ചിങ്ങവനത്തെ എസ്ബിഐ അധികൃതർ ചിങ്ങവനം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.