വൈക്കം : കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയതിനുശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം തേനാമറ്റം ഭാഗം കണിയാടത്ത് വീട്ടിൽ പപ്പൻ മകൻ സുധീഷ് (39) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2018 ല്‍ വൈക്കത്ത് മോഷണക്കേസില്‍ അറസ്റ്റിലാവുകയും തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.
പിന്നീട് ജാമ്യ കാലാവധി കഴിഞ്ഞ് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപുളളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. വൈക്കം എസ്.എച്ച്.ഓ കൃഷ്ണന് പോറ്റി, എസ്.ഐ. നാസര്‍, സി.പി.ഓ മാരായ സാബു പി.ജെ, നിധീഷ്, രാജേഷ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.