കോട്ടയം: സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ചെസ് ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച് കോട്ടയം. രാജ്യാന്തര ഗ്രാന്റ്മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിനാണ് തുടക്കമായത്. ഫ്രാൻസിസ് ജോർജ് എം.പിയാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. ടൂർണമെന്റിലെ ഒന്നാം സീഡും അർമേനിയയുടെ ദേശീയ ചാമ്പ്യനും മുൻ യൂറോപ്യൻ ചാമ്പ്യനുമായ കരൻ ഗ്രിഗോറിയൻ ഫ്രാൻസിസ് ജോർജ് എംപിയ്‌ക്കൊപ്പം കരുക്കൾ നീക്കിയാണ് മത്സരം ഉദ്ഘാടനം ചെയ്തത്. ചെസ് അസോസിയേഷൻ കേരള പ്രസിഡന്റും ടൂർണമെന്റ് ഡയറക്ടറുമായ രാജേഷ് നാട്ടകം അധ്യക്ഷത വഹിച്ചു. ലോക ചെസ് ഫെഡറേഷൻ ആർബിട്രേറ്റർ കമ്മിഷൻ അംഗം പ്രഫ.അനന്തറാം രത്‌നം, ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ ഓപ്പറേഷൻസ് ഹെഡ് എം.കെ വർമ്മ, ചെസ് പരിശീലകൻ ടി.ജെ സുരേഷ്‌കുമാർ, ഫിഡെ ഫെയർ പ്ലേ കമ്മിഷൻ കൗൺസിലർ എം.സ് ഗോപകുമാർ, കമ്മിറ്റിയംഗം ജിജോ വി.എബ്രഹാം എന്നിവർ പ്രസംഗിച്ചു. കാറ്റഗറി എ മത്സരങ്ങൾ കഞ്ഞിക്കുഴി കോർട്ട് യാർഡ് ബാൻക്വിറ്റ് ഹാളിലാണ് നടക്കുന്നത്. കാറ്റഗറി ബി മത്സരങ്ങൾ ഇന്ന് രാവിലെ 10 മുതൽ എസ്.എച്ച് മൗണ്ട് ഐതൗസ കൺവഷൻ സെന്ററിൽ നടക്കും. കാറ്റഗറി എ മത്സരങ്ങൾ എട്ടു വരെയും, കാറ്റഗറി ബി മത്സരങ്ങൾ മൂന്നു വരെയുമാണ് നടക്കുന്നത്. മത്സരങ്ങൾ ലൈവായി കോട്ടയം ചെസ് അക്കാദമി വെബ് സൈറ്റിൽ കാണാം.
സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ചെസ് ടൂർണമെന്റിന് ആതിഥേയരായി കോട്ടയം; കോട്ടയം ചെസ് അക്കാദമിയുടെ ചെസ് ടൂർണമെന്റ് ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു
