കോട്ടയം: പരുത്തുംപാറയിൽ പുലർച്ചെ റിട്ട.ഹൈസ്കൂൾ അധ്യാപികയുടെ മാല മോഷ്ടിച്ച് രക്ഷപെട്ട പ്രതികളെ സാഹസികമായി കുടുക്കിയ ചിങ്ങവനം പൊലീസിനു അഭിനന്ദനപ്രവാഹം. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെയും, ചങ്ങനാശേരി ഡിവൈഎസ്പി വിശ്വനാഥന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനിൽകുമാർ വി.എസ്, എസ്.ഐ മാരായ വിപിൻ ചന്ദ്രൻ, സജി സാരംഗ്, സിവിൽ പൊലീസ് ഓഫിസർമാരായ മണികണ്ഠൻ, സഞ്ജിത്ത്, ബിനു, പ്രകാശ് എന്നിവരാണ് സാഹസികമായി പ്രതികളെ അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനൽക്കേസുകളിലും, മോഷണക്കേസുകളിലും പ്രതികളായവരെയാണ് സാഹസികമായി പൊലീസ് പിടികൂടിയത്. തോട്ടപുഴശ്ശേരി മാരാമൺ ഭാഗത്ത് പാറയിൽ കണ്ടത്തിൽ വീട്ടിൽ അനിൽകുമാർ (38), കൊല്ലം പെരുനാട് കൊച്ചടിയത്ത് പനയിൽ വീട്ടിൽ കാവനാട് ശശി എന്ന് വിളിക്കുന്ന ശശി (51), തിരുവല്ല പൂമംഗലം വീട്ടിൽ ശരത് (38), ആറന്മുള പറപ്പാട്ടുകരയിൽ വീട്ടിൽ ഉല്ലാസ് (40) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. അനിൽകുമാറും, ശശിയും ചേർന്ന് ബൈക്കിൽ പതിനെട്ടാം തീയതി രാവിലെ 6:00 മണിയോടുകൂടി പരുത്തുംപാറ ഭാഗത്ത് വച്ച് പ്രഭാത നടത്തത്തിന് ഇറങ്ങിയ വയോധികയെ ആക്രമിച്ച് കഴുത്തിൽ കിടന്നിരുന്ന മൂന്നു പവന്റെ മാല വലിച്ചു പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഇവരുടെ ആക്രമണത്തിൽ വയോധികയ്ക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു. അനിൽകുമാറും, ശശിയും ചേർന്ന് കവർന്ന മാല വിൽക്കാൻ സഹായിച്ചതിനാണ് ശരത്തിനെ പോലീസ് പിടികൂടുന്നത്. കൂടാതെ ഇവർക്ക് മോഷണത്തിന് വേണ്ട വാഹനം കൊടുത്തത് ഉല്ലാസ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇവർ വില്പന നടത്തിയ മാല പോലീസ് കണ്ടെടുക്കുകയും ചെയ്തു. ശശിക്ക് ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.