കോട്ടയം: ചുങ്കം മള്ളൂശേരിയിലും എസ്.എച്ച് മൗണ്ടിലും ആരാധനാലയങ്ങളിലും കടകളിലും വ്യാപകമോഷണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവിടെ മോഷണം നടന്നത്. ചുങ്കത്ത് പ്രവർത്തിക്കുന്ന സുഗുണന്റെ കട, ആരോൺ സ്റ്റോഴ്സ് എന്നിവിടങ്ങളിലും മള്ളൂശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇത് കൂടാതെ എസ്.എച്ച് മൗണ്ടിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയുടെ സമീപത്തെ മൂന്ന് കടകളിലും മോഷണം നടന്നിട്ടുണ്ട്. ഈ കടകളുടെയെല്ലാം പൂട്ട് പൊളിച്ച ശേഷമാണ് മോഷ്ടാവ് അകത്ത് കയറിയത്.
എല്ലാ കടകളിൽ നിന്നും 500 മുതൽ 1000 രൂപ വരെയാണ് നഷ്ടമായതെന്നാണ് പരാതി. രാവിലെ കട തുറക്കാൻ എത്തിയവരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് ഇവർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രദേശത്ത് മോഷണം വ്യാപകമാകുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കണമെന്നും പൊലീസ് രാത്രികാല പെട്രോളിംങ് നടത്തണമെന്നും വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റി അംഗവും കോട്ടയം ചുങ്കം യൂണിറ്റ് സെക്രട്ടറിയുമായ ഷാൽ കോട്ടയം ആവശ്യപ്പെട്ടു. പ്രദേശം കേന്ദ്രീകരിച്ച് വലിയ തോതിലുള്ള ലഹരി മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങളുമുണ്ട്. ഈ വിഷയങ്ങളിൽ അടക്കം പൊലീസിന്റെ ശക്തമായ ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.