കോട്ടയം: പുതുജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുവാൻ ”നവജീവനം” പദ്ധതിയുമായി പോലീസ്. അറിഞ്ഞോ, അറിയാതെയോ കുറ്റകൃത്യങ്ങൾ ചെയ്തതിനെ തുടർന്ന് സമൂഹം മാറ്റി നിർത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ”നവജീവനം” പരിപാടിക്ക് കോട്ടയത്ത് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ഐ.എം.എ ഹാളിൽ വച്ച് എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാർ ഗുപ്ത ഐ.പി.എസ് നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് അധ്യക്ഷത വഹിച്ചു. ഒരുതവണ കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാൾ വീണ്ടും അത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുക, അതിനുവേണ്ടിയുള്ള നല്ല നിർദ്ദേശങ്ങളും മാർഗങ്ങളും നൽകുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്. വിവിധ ക്ലാസുകളും, സെമിനാറുകളും ഇതിൻറെ ഭാഗമായി സംഘടിപ്പിക്കുന്നു. നവജീവനം പരിപാടിക്ക് കുടുംബസമേതം എത്തിയവർക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ ഡി ഐ ജി യുമായി നേരിട്ട് പങ്കുവയ്ക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു.
സിസ്റ്റർ ലിസാ ( കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കാരിത്താസ് ആശുപത്രി, തെള്ളകം കോട്ടയം)പങ്കെടുത്തവർക്കുവേണ്ടി ക്ലാസ് നയിച്ചു.