കോട്ടയം: നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ കാണേണ്ട 211 കോടി രൂപ കാണാനില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഏഴു ബാങ്കുകളുടെ അക്കൗണ്ടുകളിൽ ചെക്ക് വഴി നൽകേണ്ട തുകയാണ് കാണാനില്ലാത്തത്. മൂന്നരക്കോടി രൂപ പെൻഷൻ ഫണ്ടിൽ നിന്നും തട്ടിയെടുത്ത പ്രതിയെ ഇനിയും കണ്ടെത്താനാവാതെ ഇരിക്കുമ്പോഴാണ് നഗരസഭയുടെ അക്കൗണ്ടിൽ നിന്നും 211 കോടി രൂപ കാണാനില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്. വിവിധ ഇനത്തിൽ നഗരസഭയ്ക്ക് ലഭിക്കുന്ന ചെക്കുകൾ കൃത്യമായി ബാങ്കിൽ സമർപ്പിക്കാത്തത് മൂലമാണ് ഭീമമായ നഷ്ടമുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം.
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 198 കോടി രൂപയുടെ ചെക്കുകളും, എസ്.ബിഐയിലെ അക്കൗണ്ടിൽ 9.5 കോടിയുടെ ചെക്കുകളും, സൗത്ത് ഇന്ത്യൻ ബാങ്കിൽ 65 ലക്ഷത്തിന്റെ ചെക്കുകളും, ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 43 ലക്ഷത്തിന്റെ ചെക്കുകളും, എസ്ബിഐയിൽ 13 ലക്ഷത്തിന്റെ ചെക്കുകളും, ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 1.83 കോടി രൂപയുടെ ചെക്കുകളും, എസ്ബിഐയിലെ മറ്റൊരു അക്കൗണ്ടിൽ 64 ലക്ഷത്തിന്റെ ചെക്കുകളും സമർപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം വിവാദമായതോടെ ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് ഷീജാ അനിൽ വിഷയം ഉന്നയിച്ചു. ഇതേ തുടർന്ന് പണം നഷ്ടമായ വിഷയത്തിൽ സെക്രട്ടറിയോട് അന്വേഷണം നടത്താൻ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ വാടക ഇനത്തിൽ അടക്കം ലഭിച്ചിരുന്ന ചെക്കുകൾ കൃത്യമായി നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളിൽ സമർപ്പിക്കാൻ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാണ് ഇപ്പോഴത്തെ ഗുരുതരമായ പ്രതിസന്ധിയ്ക്ക് ഇടയാക്കിയിരിക്കുന്നതെന്നാണ് വിവരം.
നാലു വർഷത്തോളം കോട്ടയം നഗരസഭയിൽ ജോലി ചെയ്ത ശേഷം മൂന്നു കോടിയോളം രൂപ പെൻഷൻ ഫണ്ടിൽ നിന്നും തട്ടിയെടുത്ത പ്രതിയെ ഇനിയും പിടികൂടാൻ പൊലീസിനോ ക്രൈംബ്രാഞ്ചിനോ സാധിച്ചിട്ടില്ല. ഇതിനിടെയാണ് കോട്ടയം നഗരസഭയുടെ 211 കോടി രൂപ കാണാനില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്. പെൻഷൻ ഫണ്ട് തട്ടിപ്പ് ആദ്യം പുറത്ത് വിട്ടതും ജാഗ്രത ന്യൂസ് ലൈവായിരുന്നു.