കോട്ടയം: ഒരു ഇഡലിയ്ക്ക് 30 രൂപ..! ഒരു സാദാ നെയ്റോസ്റ്റിന് 100 രൂപ. ശബരി മല മണ്ഡലകാലത്തേയ്ക്ക് അയ്യപ്പൻമാർക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ വില സർക്കാരും ജില്ലാ ഭരണകൂടവും നിശ്ചയിച്ച് നൽകിയിട്ടും കൊള്ള തുടർന്ന് ഹോട്ടലുകൾ. പൊൻകുന്നം ആര്യാസ് ഹോട്ടലിലാണ് ഇന്നു രാവിലെ കഴിച്ച ഇഡലിയ്ക്കും നെയ്റോസ്റ്റിനും കൊല്ലുന്ന വില ഈടാക്കിയത്. നവംബർ 28 വ്യാഴാഴ്ച രാവിലെ 08.20 നാണ് കോട്ടയത്തു നിന്നും കെ.എസ്.ആർ.ടി.സി ബസിൽ ഒരു സംഘം അയ്യപ്പന്മാർ പൊൻകുന്നത്തെ ഇന്ത്യൻ ഓയിൽ പമ്പിന് സമീപത്തെ ആര്യാസ് ഹോട്ടലിൽ കയറിയത്. ഇവിടെ കയറി ഭക്ഷണം കഴിച്ചപ്പോഴാണ് കൊല്ലുന്ന വില ഈടാക്കിയത്.
50 ഗ്രാം വരുന്ന ഒരു ഇഡലിയ്ക്ക് 11 രൂപയാണ് കോട്ടയം ജില്ലയിൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ഇതിനാണ് ഒരു ഇഡലിയ്ക്ക് 30 രൂപ ഈടാക്കിയത്. 175 ഗ്രാം വരുന്ന ഒരു നെയ് റോസ്റ്റിന് 48 രൂപയാണ് ഈടാക്കേണ്ടത്. എന്നാൽ, ഇരട്ടിയിലധികം തുകയാണ് നെയ് റോസ്റ്റിന് ഈടാക്കിയത്. ഇത് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തിന്റെ ഹെൽപ് ഡെസ്കിലും, ശബരിമലയിലെ ചാറ്റ് ബോട്ടിലും അയ്യപ്പന്മാർ പരാതി നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ഇപ്പോൾ അയ്യപ്പന്മാരുടെ പരാതിയിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.