കോട്ടയം : എകെജി സെന്റർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ കോട്ടയം ഡിസിസി ഓഫീസിന് നേരെയും ആക്രമണം. ഡിസിസി ഓഫീസിന് കാവൽനിന്ന പൊലീസ് സംഘത്തെ പോലും വകവയ്ക്കാതെയാണ് കോട്ടയം ജില്ലാ കോൺഗ്രസ് ആസ്ഥാനത്തിനു നേരെ എട്ടു പേരോളമടങ്ങുന്ന ഡിവൈഎഫ്ഐ സംഘം ആക്രമണം നടത്തിയത്. പ്രകടനമായി എത്തിയ സംഘം കല്ലുകളും, തീപന്തങ്ങളും ഡിസിസി ഓഫീസിലേക്ക് വലിച്ചെറിയുകയായിരുന്നു. കോട്ടയം ഡിസിസി ഓഫീസിന് നേരെ എതിർവശം പെട്രോൾ പമ്പ് ആണ്. ഏതെങ്കിലും കാരണവശാൽ തീപടർന്നു പിടിച്ചിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു.
കോട്ടയം ഡിസിസി ഓഫീസിലേക്ക് തീപ്പന്തം വലിച്ചെറിയുന്നത് കഴിഞ്ഞദിവസം ടൗണിൽ പ്രകടനത്തിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അടക്കമുള്ളവർക്കെതിരെ ആക്രമണം അഴിച്ചുവിട്ട ഡിവൈഎഫ്ഐ പ്രവർത്തകനാണ് എന്നാണ് യൂത്ത് കോൺഗ്രസ് കേന്ദ്രങ്ങൾ ആരോപിക്കുന്നത്. ദൃശ്യങ്ങളിൽ ഇയാളെ വ്യക്തമായി തിരിച്ചറിയാം എന്നും പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്ത് ഉണ്ടായ സംഘർഷത്തിനിടെ മാരകായുധങ്ങൾ വച്ച് കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച ഈയാളെ നിസാര വകുപ്പുകൾ ചുമത്തി അവസ്ഥ ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടയം രാഷ്ട്രീയ സംഘട്ടനങ്ങളുടെ വേദിയായി മാറുകയാണ്. ഇന്നലെയാണ് ശനിയാഴ്ച നടന്ന കളക്ടറേറ്റ് ആക്രമണക്കേസിൽ പ്രതികളായ 12 യൂത്ത് കോൺഗ്രസ് നേതാക്കൾ കീഴടങ്ങിയത്. അതിനു പിന്നാലെ ഇന്നലെ രാത്രി തന്നെ ഡിസിസി ഓഫീസ് ആക്രമിക്കപ്പെട്ടത് വീണ്ടും സംഘർഷങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുമോ എന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്.