കോട്ടയം: കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ട് കോട്ടയം നഗരത്തിൽ പ്രകടനം നടത്തും. കോട്ടയം ഡിസിസി ഓഫിസിൽ നിന്നും ഗാന്ധിസ്‌ക്വയറിലേയ്ക്കാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തുക. പ്രകടനത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ ജില്ലയിലെ കോൺഗ്രസ് നേതൃത്വം ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് പരാതി നൽകി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തി പരാതി നൽകിയത്. സംഭവത്തിൽ മൊഴിയെടുത്ത് തന്നെ കേസെടുക്കുമെന്നു കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ അറിയിച്ചു. സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ചിത്രം സഹിതം ജില്ലാ പൊലീസ് മേധാവിയ്ക്ക് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ , കോട്ടയം ഡിസിസിയ്ക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കല്ലെറിഞ്ഞത് പൊലീസ് സംരക്ഷണയിലാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. തീപ്പന്തവും ഓഫിസിന് നേരെ വലിച്ചെറിയുകയായിരുന്നു. പൊലീസിനു പ്രതികളെ കണ്ടെത്താൻ കഴിയില്ലെങ്കിൽ തങ്ങൾ പ്രതികളുടെ ചിത്രം നൽകാം. എറിയാൻ കരുതിക്കൂട്ട് കല്ലുകളും, തീപ്പന്തവുമായാണ് പ്രതികൾ എത്തിയത്. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടണം. പ്തികളെ പിടികൂടാനുള്ള ധൈര്യം പൊലീസിനുണ്ടോ എന്നു സംശയമുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.