കോട്ടയം: നഗരമധ്യത്തിൽ അഞ്ജലി പാർക്ക് ഹോട്ടലിനു മുന്നിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അജ്ഞാതനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. രാത്രി 11 മണിയോടെയാണ് തലയ്ക്ക് ആഴത്തിലേറ്റ മുറിവുമായി ഇയാളെ ഹോട്ടലിനു മുന്നിലെ റോഡരികിൽ കണ്ടെത്തിയത്. കോട്ടയം വെസ്റ്റ് പൊലീസ് സംഘമാണ് ആദ്യം ഇവിടെ എത്തിയത്. തുടർന്നു ഇയാളെ അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്കു മാറ്റി. തലയ്ക്ക് ആഴത്തിലുള്ള മുറിവാണ് ഏറ്റിരിക്കുന്നത്. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. റോഡരികിൽ വീണ് പരിക്കേറ്റതോ, തലയ്ക്ക് മാരകായുധം ഉപയോഗിച്ച് വെട്ടേറ്റതോ ആകാമെന്നാണ് സംശയിക്കുന്നത്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ സംഭവിച്ചത് എന്താണ് എന്നു വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.