കോട്ടയം: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഒരു വിഭാഗം ഡി വൈ എഫ് ഐ പ്രവർത്തകർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ച് തകർത്തത്. ഇതിൽ പ്രതിഷേധിച്ചാണ് കോട്ടയം നഗരത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തിയത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു. കെ.കെ റോഡിലൂടെ നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് ഗാന്ധി സ്ക്വയറിൽ ചേർന്ന പ്രതിഷേധ യോഗവും ധർണയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ , എം.പി സന്തോഷ്കുമാർ , ബിജു പുന്നത്താനം , എസ്.ഗോപകുമാർ , ചിന്റു കുര്യൻ ജോയി , എസ്.രാജീവ് , ജെജി പാലക്കലോടി എന്നിവർ പ്രസംഗിച്ചു.