ആർ.കെ
സീനിയർ റിപ്പോർട്ടർ
ജാഗ്രതാ ന്യൂസ്
കോട്ടയം
കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് പോലും മദ്യപിച്ചെത്തുകയും ഓഫീസിൽ ഇരുന്ന് മദ്യപിക്കുകയും ചെയ്തതായി പരാതി വരികയും സ്ത്രീ ജീവനക്കാരെ ശല്യം ചെയ്തതായി രേഖാമൂലം പരാതി നൽകുകയും ചെയ്ത ഉന്നതനെ സംരക്ഷിക്കാൻ ഹൈക്കോടതി ഉത്തരവും മുക്കി. വിഷയത്തിൽ അധികൃതർക്ക് പരാതി കൊടുത്തിട്ട് നടപടിയില്ലാതെ വന്നതിനെ തുടർന്ന് കോടതിയിൽ നിന്നും അനുകൂല ഉത്തരവുമായി എത്തിയ ഉദ്യോഗസ്ഥയുടെ പരാതിയാണ് മുക്കിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ വിജിലൻസ് അന്വേഷണം നടത്തിയ സംഭവത്തിൽ, ഉന്നതൻ മാന്യനാണെന്ന കണ്ടെത്തൽ നടത്തിയാണ് വിജിലൻസ് റിപ്പോർട്ട് അവസാനിപ്പിച്ചത്.
ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ ഇയാളുടെ ശല്യത്തിൽ പൊറുതിമുട്ടി ഇരിക്കുമ്പോഴാണ് സ്ത്രീ ജീവനക്കാരെ പോലും സംശയമുണയിൽ നിർത്തി വിജിലൻസിന്റെ റിപ്പോർട്ട്. ജില്ലാ ജനറൽ ആശുപത്രിയിലെ ഉന്നത തസ്തികയിലുള്ള വനിതാ ജീവനക്കാരിയോട് ജീവനക്കാരൻ മോശമായി പെരുമാറി എന്ന പരാതി അധികൃതർ നടപടി എടുക്കാതെ വന്നതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഹൈക്കോടതി വിഷയത്തിൽ ആരോഗ്യവകുപ്പിനോട് അന്വേഷണം നടത്തി നടപടി എടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ വിഷയം ആരോഗ്യ വിജിലൻസിന് കൈമാറി. പരാതിക്കാരിയായ ഉദ്യോഗസ്ഥയെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയാണ് വിജിലൻ സംഘം മൊഴിയെടുത്തത്. തന്നെ പലപ്പോഴും വഴിയിൽ തടഞ്ഞു നിർത്തുകയും ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ശ്രമിക്കുകയും ചെയ്ത വിവരം വിജിലൻസ് സംഘത്തിനോട് പറഞ്ഞപ്പോൾ ജീവനക്കാരിൽ പൊട്ടിക്കരഞ്ഞു പോയി. ഈ ജീവനക്കാരി മാത്രമല്ല മറ്റു പലരും ഇയാളുടെ ശല്യത്തിന് വിധേയരായിട്ടുണ്ടെന്നും പരാതിയുണ്ട്.
എന്നാൽ ശമ്പളവും അവധിയും അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട ചുമതലയുള്ള ഈ ഉദ്യോഗസ്ഥനെ പിണക്കാൻ ഭയമുള്ളതിനാലാണ് പലരും പരാതി നൽകാൻ മടിക്കുന്നത്. ജില്ലാ ജനറൽ ആശുപത്രിയിലെയും ആരോഗ്യ വകുപ്പിലെയും പല ജീവനക്കാരും ഉന്നതരുമായി ഇയാൾക്ക് അടുത്ത ബന്ധം ഉണ്ടെന്നതും സ്ത്രീ ജീവനക്കാരെ പിന്നിലേക്ക് അടിക്കുന്നു. എന്നാൽ ഇതിനെയെല്ലാം വകവയ്ക്കാതെ പരാതിയുമായി മുന്നോട്ടുവന്ന വനിതാ ജീവനക്കാരിയെ മോശക്കാരിയായ ചിത്രീകരിക്കാനുള്ള ശ്രമമാണ് വിജിലൻസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പരാതിയും ഉയർന്നിട്ടുണ്ട്.
ജില്ലാ ആശുപത്രിയിലെ ജീവനക്കാർക്കിടയിൽ രഹസ്യ അന്വേഷണം നടത്തി വേണം വിജിലൻസ് സംഘം ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ എന്ന നിർദ്ദേശമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും വിഷയത്തിൽ ഇടപെട്ട കർശന നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗത്തിൻറെ ആവശ്യം.