കോട്ടയം: ജില്ലാ ആശുപത്രിയിലെ വാർഡിലേയ്ക്കുള്ള വാതിലുകൾ അടയ്ക്കാതെ രാത്രിയിലും അധികൃതർ തുറന്നിട്ടതോടെ ജില്ലാ ആശുപത്രിയിലെ വാർഡുകൾ സാമൂഹിക വിരുദ്ധ സംഘങ്ങൾ കയ്യടക്കുന്നു. ആശുപത്രിയിലെ വാർഡുകളിൽ രാത്രിയിൽ സാമൂഹിക വിരുദ്ധ സംഘങ്ങൾക്കു കയറിയിറങ്ങാൻ വഴിയൊരുക്കിയാണ് ആശുപത്രിയിലെ പ്രധാന ഗേറ്റ് തുറന്നിട്ടിരിക്കുന്നത്. നേരത്തെ വൈകിട്ട് നാലു മുതൽ ആറു മണിവരെയാണ് നേരത്തെ ഈ ഗേറ്റ് തുറന്നിട്ടിരുന്നത്. ആറു മണിയ്ക്ക് ശേഷം ആശുപത്രിയിലേയ്ക്കു പാസ് മൂലം മാത്രമായിരുന്നു പ്രവേശനം ഉണ്ടായിരുന്നത്.
എന്നാൽ, രണ്ടു മാസത്തിലേറെയായി ഈ ഗേറ്റ് രാത്രി എട്ടു മണിയ്ക്കു ശേഷവും അടയ്ക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. മാമ്മൻ മാപ്പിള ഹാളിനു എതിർ വശത്തെ ഫുട്പാത്തിൽ പ്രവർത്തിക്കുന്ന തട്ടുകടക്കാരെ സഹായിക്കാനാണ് രാത്രിയിലും ഗേറ്റ് തുറന്നിടുന്നതെന്നാണ് ആരോപണം ഉയരുന്നത്. രാത്രിയിൽ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി രോഗികൾക്കും സഹായികൾക്കും തട്ടുകടകളിൽ നിന്നും ഭക്ഷണം വാങ്ങുന്നതിനാണ് ജില്ലാ ആശുപത്രിയ്ക്കു മുന്നിലെ ഗേറ്റ് തുറന്നിടുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഈ ഗേറ്റിലൂടെ അർദ്ധരാത്രിയോടെ സാമൂഹിക വിരുദ്ധ സംഘം ആശുപത്രിയ്ക്കുള്ളിൽ പ്രവേശിക്കുന്നതായാണ് വിവരം. ആശുപത്രിയിലെ വാർഡുകൾ ഈ സംഘം കയ്യടക്കി വച്ചിരിക്കുന്നതായും, ഇവിടെ കയറിയ ശേഷം അനാശാസ്യ പ്രവർത്തനം നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാനും, രാത്രിയിൽ ആശുപത്രി വളപ്പിൽ ഇവർ കടന്നു കയറുന്നത് തടയുന്നതിനും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും, ആശുപത്രി ഗേറ്റ് അടച്ചിടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
ഇതിനിടെ കഴിഞ്ഞ ആഴ്ച ജില്ലാ ആശുപത്രിയിലെ വാർഡിൽ നിന്നും രാത്രിയിൽ മൊബൈൽ ഫോൺ മോഷണം പോയിരുന്നു. രാത്രിയിൽ ആശുപത്രിയിൽ അതിക്രമിച്ചു കയറിയ സാമൂഹിക വിരുദ്ധ സംഘം ഇത്തരത്തിൽ മോഷണം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.