ആർ.കെ
സീനിയർ റിപ്പോർട്ടർ
ജാഗ്രതാ ന്യൂസ്
കോട്ടയം : ഓഫിസ് സമയത്ത് മദ്യപിച്ചെത്തുകയും , ഓഫിസിൽ പോലും മദ്യം വാങ്ങി വച്ച് മദ്യപിക്കുകയും , സ്ത്രീ ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തതായി പരാതി ഉയർന്ന ജില്ലാ ആശുപത്രിയിലെ ജീവനക്കാരന് എതിരെ നടപടിയുമായി ജില്ലാ പഞ്ചായത്തും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും. ജാഗ്രതാ ന്യൂസ് പുറത്ത് വിട്ട വാർത്ത ചർച്ച ചെയ്ത ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി കടുത്ത വിമർശനമാണ് ഈ ജീവനക്കാരന് എതിരെ ഉയർത്തിയത്. ഇത്തരക്കാരെ ഒരു നിമിഷം പോലും ഓഫിസിൽ ജോലി ചെയ്യിക്കാൻ പാടില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ നിലപാട് എടുത്തു. ഉന്നത ജീവനക്കാരന് എതിരെ വനിതാ ജീവനക്കാരുടെ നൂറ് കണക്കിന് പരാതികൾ ഉണ്ടെന്നും , ഇനിയും ഇയാളെ ഓഫിസിൽ ജോലി ചെയ്യാൻ അനുവദിക്കരുതെന്നും എച്ച്.എം.സി അംഗം പി.കെ ആനന്ദക്കുട്ടൻ നിലപാട് എടുത്തു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫിസിലെ ജീവനക്കാരൻ ഡ്യൂട്ടി സമയത്ത് മദ്യപിച്ച് എത്തുന്നതായും കഴിഞ്ഞ മാസമാണ് ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജില്ലാ ആശുപത്രിയിലെ വനിതാ ജീവനക്കാരിൽ ഒരാൾ ഇയാളുടെ ശല്യം സഹിക്കവയ്യാതെ ഹൈക്കോടതിയെ സമീപിക്കുകയും, അന്വേഷണത്തിന് ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ വനിതാ ജീവനക്കാർ ഇയാൾക്കെതിരെ പരാതിയുമായി ജാഗ്രതാ ന്യൂസ് ലൈവിനെ സമീപിച്ചത്. തുടർന്നാണ് ഓഫിസിലിരുന്നുള്ള ഇയാളുടെ പരസ്യമദ്യപാനവും , സ്ത്രീകളെ ശല്യം ചെയ്യലും തുറന്നെഴുതി ജാഗ്രതാ ന്യൂസ് ലൈവ് രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ ആശുപത്രി വികസന സമിതി അംഗം പി.കെ ആനന്ദക്കുട്ടൻ കടുത്ത നിലപാട് സ്വീകരിച്ചത്. ആശുപത്രി വികസന സമിതിയുടെ അജണ്ടയിൽ ഈ വിഷയം ഉണ്ടായിരുന്നില്ല. എന്നാൽ, വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന നിലപാട് ആനന്ദക്കുട്ടൻ സ്വീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് ആരോപണ വിധേയനായ ജീവനക്കാരനെ വിളിച്ചു വരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലേയ്ക്കാണ് ഈ ജീവനക്കാരനെ വിളിച്ചു വരുത്തിയത്.
തുടർന്ന്, ഇയാൾക്കെതിരായ ആരോപണങ്ങൾ ഓരോന്നായി എണ്ണിയെണ്ണിപ്പറഞ്ഞ പി.കെ ആനന്ദക്കുട്ടൻ, കർശന നടപടി സ്വീകരിക്കണമെന്ന നിർദേശവും നൽകി. ഇതോടെ ഇതിനെ പ്രതിരോധിച്ച് രംഗത്ത് എത്തിയ ഉദ്യോഗസ്ഥൻ, തനിക്കെതിരെ ആരോപങ്ങളോ, പരാതികളോ ഇല്ലെന്നും എല്ലാം വ്യാജമാണെന്നുമുള്ള നിലപാട് സ്വീകരിച്ചു. ഇതോടെ പരാതിക്കാരെയെല്ലാം എച്ച്.എം.സി യോഗത്തിനു മുന്നിൽ ഹാജരാക്കാമെന്നും, ഇവരിൽ നിന്നെല്ലാം മൊഴിയെടുക്കാമെന്നും ആനന്ദക്കുട്ടൻ നിലപാട് സ്വീകരിച്ചു. ഇതോടെ ഉദ്യോഗസ്ഥൻ മിണ്ടാതെയായി. തുടർന്ന്, ഇയാളെ അടിയന്തരമായി പദവിയിൽ നിന്നു നീക്കണമെന്ന് ആനന്ദക്കുട്ടൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ വേണ്ട നിലപാട് തന്നെ ഉണ്ടാകുമെന്ന സൂചനയാണ് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി നൽകുന്നത്. സംഭവത്തിൽ ഇയാൾക്കെതിരെ നടപടികളും ആരംഭിച്ചിട്ടുണ്ട്.