കോട്ടയം: നഗരത്തിലും പരിസര പ്രദേശത്തും നായ ശല്യം രൂക്ഷമാകുന്നതിനിടെ മറ്റൊരാൾ കൂടി നായ കുറുകെ ചാടിയ ബൈക്കിൽ നിന്ന് വീണ് അപകടത്തിൽപ്പെട്ടു. കളത്തിപ്പടി സ്വദേശിയ്ക്കാണ് കഞ്ഞിക്കുഴി പാലത്തിനു സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. വെള്ളിയാഴ്്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കളത്തിപ്പടി സ്വദേശിയായ യുവാവ് കോട്ടയം നഗരത്തിൽ നിന്നും കളത്തിപ്പടി ഭാഗത്തേയ്ക്കു പോകുകയായിരുന്നു. ഇതിനിടെ കഞ്ഞിക്കുഴി പാലത്തിനു സമീപത്തു വച്ച് ഇദ്ദേഹത്തിന്റെ വാഹനത്തിന് കുറുകെ നായ ചാടുകയായിരുന്നു. തെരുവുനായ ചാടിയത് കണ്ട് ഇദ്ദേഹം വാഹനം ബ്രേക്ക് ചെയ്തു നിർത്തിയെങ്കിലും ബൈക്ക് റോഡിൽ മറിഞ്ഞു. കാലിനു സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രഥമ ശിശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം മൂലവട്ടം പ്രദേശത്തും സമാന രീതിയിൽ തെരുവുനായ കുറുകെ ചാടി റോഡിൽ വീണ് ബൈക്ക് യാത്രക്കാരനു പരിക്കേറ്റിരുന്നു. ഈരയിൽക്കടവിൽ റോളർ സ്‌കേറ്റിംങ് പരിശീലിക്കാൻ എത്തിയ കുട്ടിയ്ക്കു നേരെയും നായ കുരച്ചുകൊണ്ട് അടുത്തത് ജാഗ്രതാ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നായ കുറുകെ ചാടി വീണ ബൈക്ക് യാത്രക്കാരനു പരിക്കേറ്റിരിക്കുന്നത്.