കോട്ടയത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ കേസെടുത്തു പൊലീസ്. സംഭവത്തിൽ കലാപത്തിനും, ആക്രമണത്തിനും അടക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാപകമായ ആക്രമണം ഉണ്ടായ സംഭവത്തിൽ പോലും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ തലയിൽ നാല് തുന്നൽക്കെട്ട് ഉണ്ട്. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളിയുടെ തലയിൽ ആറ് തുന്നൽക്കെട്ടും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അക്രമങ്ങളിൽ മൂന്നു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലാപം നടത്താൻ ശ്രമിച്ചതിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെയും, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിന് എസ്.എഫ്.ഐ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെയാണ് പൊലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം വെസ്റ്റ് പൊലീസാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയവർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെതിരെ യൂത്ത് കോൺഗ്രസും കോൺഗ്രസും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ അക്രമം നടത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി ആരോപിച്ചു.