കോട്ടയം ഈരാറ്റുപേട്ടയിൽ വീട് കുത്തിത്തുറന്ന് പണം അപഹരിച്ചു; ഈരാറ്റുപേട്ട സ്വദേശിയായ മോഷ്ടാവ് പൊലീസ് പിടിയിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ വീട് കുത്തിതുറന്ന് പണം അപഹരിച്ച മോഷ്ടാവ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ. ഈരാറ്റുപേട്ട, അരുവിത്തുറ പാലക്കുളത്തു വീട്ടിൽ സഞ്ചു സന്തോഷ് (25)ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. ഏപ്രിൽ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി എഴു മണിയ്ക്ക് ശേഷമാണ് ഇവിടെ മോഷണം നടന്നതെന്നാണ് വിവരം. ഈരാറ്റുപേട്ട തടവനാൽ ഭാഗത്ത് ആലഞ്ചേരിയിൽ വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതി അലമാരയുടെ പൂട്ട് തകർത്ത് അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പോലീസ് സംഭവസ്ഥലത്തുനിന്ന് കിട്ടിയ തെളിവുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ പ്രതിസഞ്ജു ആണെന്ന് മനസ്സിലാക്കിയെങ്കിലും അയാൾ മോഷണത്തിനു ശേഷം കേരളത്തിന് പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ ജെ തോമസ് പ്രത്യേകം സ്‌ക്വാഡ് ഉണ്ടാക്കി അന്വേഷണം നടത്തി വരികയായിരുന്നു. കേരളത്തിലേക്ക് പ്രതി തിരിച്ചെത്തുന്നുണ്ടെന്ന് വിവരം കിട്ടിയ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വി.എൽ.ബിനു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീജേഷ്, സിവിൽ പൊലീസ് ഓഫിസർ ജോബി ജോസഫ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘം പ്രതിയെ തൊടുപുഴ ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles