കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിനെ വീണ്ടും മാലിന്യത്തിൽ മുക്കി സാമൂഹിക വിരുദ്ധ സംഘം. ബൈപ്പാസിന്റെ മധ്യഭാഗത്ത് രണ്ടിടത്തായാണ് സംഘം വീണ്ടും കക്കൂസ് മാലിന്യം അടക്കം തള്ളിയിരിക്കുന്നത്. പുലർച്ചെ പ്രഭാത സവാരിയ്ക്കടക്കം ആളുകൾ എത്തുന്ന സ്ഥലത്താണ് ഇത്തരത്തിൽ അതിരൂക്ഷമായ രീതിയിൽ മാലിന്യം തള്ളിയിരിക്കുന്നത്.
ശനിയാഴ്ച രാവിലെയാണ് ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ മാലിന്യം തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അർദ്ധരാത്രിയ്ക്കു ശേഷം എത്തിയ സാമൂഹിക വിരുദ്ധ സംഘമാണ് ഇവിടെ മാലിന്യം തള്ളിയിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തിൽ മാലിന്യം തള്ളുന്നതിനു പിന്നിൽ സെപ്റ്റിക് ടാങ്കുകൾ ക്ലീൻ ചെയ്യാൻ കരാർ എടുക്കുന്ന സംഘമാണ് എന്ന സൂചനയാണ് ലഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും സെപ്റ്റിക്ക് ടാങ്കുകൾ ക്ലീൻ ചെയ്ത ശേഷം പാടശേഖരങ്ങളും ആളൊഴിഞ്ഞ സ്ഥലങ്ങളും കേന്ദ്രീകരിച്ച് മാലിന്യം തള്ളുകയാണ് ഈ സംഘം ചെയ്യുന്നത്. നേരത്തെ ഈരയിൽക്കടവിൽ മാലിന്യവുമായി എത്തിയ വാഹനത്തിന്റെ പൈപ്പ് പൊട്ടി മാലിന്യം റോഡിൽ കലർന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇതിനു ശേഷം ഇടക്കാലത്ത് മാലിന്യം തള്ളുന്നതിന് അൽപം ശമനമുണ്ടായിരുന്നു. എന്നാൽ, വീണ്ടും മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധ സംഘം സജീവമായതായാണ് ശനിയാഴ്ചയുണ്ട് ഈരയിൽക്കടവിൽ കക്കൂസ് മാലിന്യം കണ്ടെത്തിയതോടെ വ്യക്തമാകുന്നത്.