കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റത് കളക്ടറേറ്റ് സ്വദേശികളായ രണ്ടു പേർക്ക്. കളക്ടറേറ്റ് പട്ടവിളയിൽ പി.എ അലക്‌സാണ്ടർ (61), ആലുങ്കൽ എ.കെ എബ്രഹാം(62) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു പേരെയും ജില്ലാ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് അയച്ചു.
ഈരയിൽക്കടവ് ബൈപ്പാസ് റോഡിനു നടുവിലെ കലുങ്കിൽ കയറി നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിൽ നിന്നും എത്തിയ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ അലക്‌സാണ്ടർക്ക് തലയ്ക്കു സാരമായി പരിക്കേറ്റിട്ടുണ്ട്.
എബ്രഹാമിന്റെ കാൽ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാർ മറ്റൊരു ബൈക്ക് യാത്രക്കാരുടെ പുറത്തേയ്ക്കാണ് വീണത്. ഇവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ രണ്ടു സ്‌കൂട്ടർ യാത്രക്കാരെയും ജില്ലാ ജനറൽ ആശുപത്രിയുടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. കാർ യാത്രക്കാർ മദ്യപിച്ചിരുന്നതായി ആരോപിച്ച് നാട്ടുകാർ ഇവരെ തടഞ്ഞു വച്ചു പൊലീസിനു കൈമാറി.
തിങ്കളാഴ്ച രാവിലെ പത്തരയോടെ ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ നടുവിലെ കലുങ്കിലായിരുന്നു അപകടം. മണിപ്പുഴ ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ, കലുങ്കിൽ കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ യാത്രക്കാർ രണ്ടു പേരും റോഡിൽ തലയിടിച്ച് തെറിച്ചു വീണു. ഇവരുടെ പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരുടെ പുറത്തേയ്ക്കാണ് ഈ സ്‌കൂട്ടർ യാത്രക്കാർ തെറിച്ചു വീണത്.
അപകടത്തെ തുടർന്നു ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാറിലുണ്ടായിരുന്നവരെ തടഞ്ഞു വച്ചു. തുടർന്നു കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോൾ ഇവരെ കൈമാറിയിട്ടുണ്ട്.