കോട്ടയം: കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ ബസിന്റെ അമിത വേഗത്തിന് മറ്റൊരു രക്തസാക്ഷികൂടി. അമിത വേഗത്തിൽ എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിനെതിരെ നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബസിടിച്ച് ഉന്തുവണ്ടിയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന വഴിയോരക്കച്ചവടക്കാരൻ കൊല്ലപ്പെട്ടത്. സംക്രാന്തി മടക്കുംമുകളിൽ പരേതനായ ഉസ്മാന്റെ മകൻ ഷാജി(51)യാണ് മരിച്ചത്.
കഴിഞ്ഞ 15 ന് കോട്ടയം മെഡിക്കൽ കോളേജ് റൂട്ടിൽ ഗാന്ധിനഗർ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ ബസ് അമിത വേഗത്തിൽ എത്തി ഷാജിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഷാജിയെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തിൽ പരിക്കേറ്റ ഷാജി ആശുപത്രി അത്യാഹിത വിഭാഗത്തിലും ഇവിടെ നിന്ന് ഐസിയുവിലും പ്രവേശിക്കപ്പെട്ടു. തുടർന്നു, ചികിത്സയിൽ കഴിയുന്നതിനിടെ പുലർച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ആവേ മരിയ ബസിന്റെ അമിത വേഗത്തിന് എതിരെ മുൻപും പരാതികൾ ഉയർന്നിരുന്നതാണ്. എന്നാൽ, ബസിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. മെഡിക്കൽ കോളേജ് റോഡിൽ അടക്കം അമിത വേഗത്തിൽ പായുന്ന ബസ് യാത്രക്കാർക്ക് ഭീഷണി സൃഷ്ടിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ പരാതി പരിഹരിക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യം.