ഏറ്റുമാനൂർ : കോട്ടയം ഏറ്റുമാനൂരിൽ പോലീസ് പിടികൂടാൻ എത്തിയപ്പോൾ നായ്ക്കളെ അഴിച്ചുവിട്ടു ആക്രമിക്കാൻ ശ്രമിച്ച വാറണ്ട് കേസ് പ്രതി ഒടുവിൽ കീഴടങ്ങി. ഇന്ന് രാവിലെയാണ് പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് താമസസ്ഥലത്ത് കയറാനാവാതെ മടങ്ങിയിരുന്നു. ഉള്ളിലുണ്ടായിരുന്ന പ്രതി നായ്ക്കളെക്കൊണ്ട് പോലീസിനെ ഭീഷണിപ്പെടുത്താനും ശ്രമിച്ചിരുന്നു. ഏറ്റുമാനൂർ സെൻട്രൽ ജങ്ഷനിൽ മൂന്നുനില കെട്ടിടത്തിന് മുകളിലെ സ്വന്തം മുറിയിൽ ഇരിക്കുകയായിരുന്ന ഏറ്റുമാനൂർ സ്വദേശിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ രണ്ട് നായ്ക്കളെ കൊണ്ട് പ്രതിരോധിക്കാനാണ് ഇന്നലെ പ്രതി ശ്രമിച്ചത്.
സമൻസോ പോലീസിൻ്റെ നോട്ടീസോ ഒന്നും തന്നെ കൈപ്പറ്റാൻ പ്രതി തയ്യാറായിരുന്നില്ല. മണിക്കൂറുകളോളം പോലീസുമായി തർക്കം തുടർന്നിരുന്നു. തുടർന്ന് പോലീസ് അനുരഞ്ജന ചർച്ച നടത്തിയെങ്കിലും പ്രതി കീഴടങ്ങാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് താൻ പിറ്റേന്ന് വക്കീലുമായി ഹാജരായിക്കൊള്ളാം എന്ന മറുപടിക്കൊടുവിൽ പോലീസ് പിന്മാറുകയായിരുന്നു. ഈ പ്രതിയാണ് ഒടുവിൽ ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് ഹാജരായത്.