കോട്ടയം: ഏറ്റുമാനൂർ കാരിത്താസിൽ പൊലീസുകാരനെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ക്രിമിനൽ ജീവിതത്തിൽ നിന്നും മടങ്ങിവരാൻ ലഭിച്ച അവസരങ്ങളെല്ലാം ചവിട്ടി തെറിപ്പിച്ചു..! പ്ലസ്ടു പഠന സമയത്ത് തന്നെ ലഹരി മാഫിയയുടെ കെണിയിൽ കുടുങ്ങിയ ജിബിൻ ജോർജിനെ ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ പരിപാടിയായ ഓപ്പറേഷൻ ഗുരുകുലം വഴി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വഴി തെറ്റുകയായിരുന്നു. ഇയാൾക്കൊപ്പം അന്ന് ലഹരിയുടെ കെണിയിൽ കുടുങ്ങിയ മറ്റു കുട്ടികളെ നേർ വഴി നടത്താൻ ജില്ലാ പൊലീസിന്റെ ഓപ്പറേഷൻ ഗുരുകുലത്തിന് ആയിരുന്നെങ്കിൽ, ബന്ധുക്കളും പൊലീസും നേർ വഴി കാട്ടിയിട്ടും ക്രിമിനൽ വഴിയിലൂടെ സഞ്ചരിക്കാനായിരുന്നു ജിബിന് താല്പര്യം.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ശ്യാം പ്രകാശിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പെരുമ്പായിക്കാട് മാമ്മൂട് ആനിക്കൽ കോക്കാട് വീട്ടിൽ ജിബിൻ ജോർജാണ് പൊലീസും കുടുംബും നേർവഴി കാട്ടിയിട്ടും തെറ്റായ വഴിയിലൂടെ നടന്ന് ഒടുവിൽ ജയിലിൽ എത്തിയത്. പ്ലസ്്ടുവിന് പഠിച്ച സമയത്ത് തന്നെ ജിബിൻ ലഹരി മാഫിയ സംഘങ്ങളുമായി ബന്ധം തുടങ്ങിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രദേശത്തുള്ള ജിബിന്റെ സുഹൃത്തുക്കളുമായി ചേർന്നാണ് ലഹരി മാഫിയയിലേയ്ക്കുള്ള വഴി ഇയാൾ വെട്ടിയത്. ലഹരിയുടെ വീര്യത്തിൽ ജിബിൻ സ്ഥിരം വീട്ടിൽ പ്രശ്‌നം ഉണ്ടാക്കിത്തുടങ്ങിയതോടെയാണ് പിതാവ് അന്ന് കോട്ടയം ജില്ലാ പൊലീസിന്റെ ഓപ്പറേഷൻ ഗുരുകുലം പദ്ധതിയുടെ നോഡൽ ഓഫിസറായ എസ്.ഐ അരുൺകുമാറിനെ ബന്ധപ്പെട്ടത്. അരുൺ കുമാർ ജിബിനെ തേടി വീട്ടിലെത്തുന്ന വിവരം അറിഞ്ഞ് ഇയാൾ വീട്ടിലിരുന്ന ബൈക്കും എടുത്ത് കോയമ്പത്തൂരിലേയ്ക്കു സ്ഥലം വിട്ടു.
ഇതോടെ ഗുരുകുലത്തിന്റെ ഭാഗമായുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇയാളുടെ ലഹരി മാഫിയയിലെ കണ്ണികളായ സുഹൃത്തുക്കളെ കണ്ടെത്തി. ഇതിൽ പ്രായപൂർത്തിയാകാത്തതും, 20 ൽ താഴെ പ്രായമുള്ളവരുമായ കുട്ടികളെ ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിച്ച് കൗൺസിലിംങ് അടക്കം നൽകി നേർ വഴിയിൽ നയിച്ചു. അന്ന് ജിബിനൊപ്പം നിന്ന പല സുഹൃത്തുക്കളും ഗുരുകുലം പദ്ധതിയുടെ ഭാഗമായുള്ള കർശന നിരീക്ഷണത്തിലൂടെ ലഹരിയുടെ വഴി ഉപയോഗിച്ച് ജീവിതത്തിന്റെ വഴിയിൽ തിരികെ എത്തി.
എന്നാൽ, തന്റെ സുഹൃത്തുക്കളെ വീട്ടുകാർ പൊലീസിനു കാട്ടിക്കൊടുത്തത് അറിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ജിബിൻ മാതാപിതാക്കളുടെ ഫോൺ തല്ലിപ്പൊട്ടിച്ചു. തുടർന്ന്, രണ്ടു പേരെയും കസേരയിൽ കെട്ടിയിടുകയും രാത്രി മുഴുവൻ തല വഴി വെള്ളം ഒഴിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ കെട്ടഴിച്ച് പുറത്തിറങ്ങിയ ജിബിന്റെ പിതാവ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി ബലം പ്രയോഗിച്ച് ജിബിനെ ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോൾ ഗുരുകുലം പദ്ധതി നോഡൽ ഓഫിസറുടെ നിർദേശ പ്രകാരം ഇയാളെ മോശം കൂട്ടുകെട്ടിൽ നിന്നും ഒഴിവാക്കാൻ വിദേശത്തേയ്ക്ക് അയച്ചു.
തുടർന്ന്, മൂന്നു വർഷത്തിനു ശേഷമാണ് ഇയാൾ വിദേശത്തു നിന്നും മടങ്ങിയെത്തുന്നത്. വിദേശത്ത് നിന്നു മടങ്ങിയെത്തിയ ശേഷം പഴയ ലഹരി കൂട്ടുകെട്ടിലേയ്ക്കു തിരികെ പോയ ജിബിൻ കുമാരനല്ലൂർ ക്ഷേത്രത്തിന്റെ ആറാട്ട് സമയത്ത് സംഘർഷമുണ്ടാക്കി വധശ്രമക്കേസിൽ പ്രതിയായി. പിന്നീട്, സ്ഥിരമായി മോഷണം അടിപിടി കേസുകളിൽ പ്രതിയായതോടെയാണ് ഇയാൾ ലഹരി ഇടപാടുകളിലേയ്ക്കു കൂടുതൽ തിരിഞ്ഞത്. ഒടുവിൽ കൊലക്കേസിൽ പ്രതിയായ ജയിലിലും ആയി.