കോട്ടയം: കുറിച്ചിയിൽ കൊയ്ത്ത് കഴിഞ്ഞ് പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും നെല്ല് ശേഖരിക്കുന്നില്ലെന്ന് പരാതി. കുറിച്ചി കരിവെട്ടം പാടശേഖരത്തിലെ കർഷകനായ പുലിക്കുഴിയിൽ പി.എസ് ശാന്തപ്പനാണ് പരാതി ഉയർത്തിയിരിക്കുന്നത്. ശാന്തപ്പന്റെ ഉടമസ്ഥതയിലുള്ള നാല് ഏക്കറോളം പാടശേഖരത്തിലെ നെല്ല് പത്ത് ദിവസം മുൻപാണ് കൊയ്തത്. എന്നാൽ, മഴ പെയ്ത് നെല്ല് നനഞ്ഞതായി ആരോപിച്ച് ഈ പാടശേഖരത്തിലെ മാത്രം നെല്ല് ശേഖരിച്ചില്ലെന്ന് ശാന്തപ്പൻ ആരോപിക്കുന്നു. കരിവെട്ടം പാടശേഖരത്തിലെ മറ്റെല്ലാ പാടത്തെയും നെല്ല് ശേഖരിച്ചപ്പോഴാണ് ഈ കർഷകന്റെ മാത്രം നെല്ല് ശേഖരിക്കാത്തത്. ഇതു സംബന്ധിച്ചു പരാതി ഉയർത്തിയപ്പോൾ സമീപത്തെ മറ്റൊരു പാടശേഖരത്തിലെ നെല്ല് ശേഖരിക്കുന്ന സമയത്ത് നെല്ല് ഏറ്റെടുക്കാമെന്നാണ് അധികൃതർ അറിയിച്ചതെന്നാണ് വിവരം. ഇതേ തുടർന്ന് ശാന്തപ്പൻ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ പാടശേഖരത്തിൽ വെള്ളം കയറ്റുന്നതിൽ വിവേചനമുണ്ടായത് സംബന്ധിച്ചു താൻ പരാതി നൽകിയിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് തന്റെ നെല്ല് എടുക്കാത്തതെന്നുമാണ് ശാന്തപ്പന്റെ പരാതി. ഏതായാലും പാടശേഖരത്തിലെ നെല്ല് ഏറ്റെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
കോട്ടയം കുറിച്ചിയിൽ പന്ത്രണ്ട് ദിവസമായിട്ടും ഒരു പാടശേഖരത്തിലെ നെല്ല് മാത്രം ശേഖരിക്കുന്നില്ലെന്ന് പരാതി; ദുരിതത്തിലായി കർഷകൻ
