കോട്ടയം : കോട്ടയം നഗരത്തിലും പരിസര പ്രദേശത്തുമുള്ള വ്യാപാരികൾ സൂക്ഷിക്കുക , കോട്ടയത്തെ വ്യാപാരികളെ ലക്ഷ്യമിട്ട് നടക്കുന്നത് വൻ തട്ടിപ്പ് ! ഹോട്ടലുകളിലും സ്ഥാപനങ്ങളിലും എത്തി , വൻ തോതിൽ സാധനങ്ങൾ ഓർഡർ ചെയ്ത ശേഷം പണം വാങ്ങി മുങ്ങുന്ന വിരുതനാണ് വ്യാപാരികൾക്ക് തലവേദനയായിരിക്കുന്നത്. ഇതിനോടകം കോട്ടയം നഗരം , ചുങ്കം , ചാലുകുന്ന് , കുടയംപടി എന്നിവിടങ്ങളിലെ പത്തോളം വ്യാപാര സ്ഥാപനങ്ങൾ ഇതിനോടകം തട്ടിപ്പിന് ഇരയായി കഴിഞ്ഞു.
കഴിഞ്ഞ ദിവസം ചുങ്കം പാലത്തിന് സമീപം പ്രവർത്തിക്കുന്ന താജ് ഹോട്ടൽ ഉടമ തട്ടിപ്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതോടെയാണ് തട്ടിപ്പുകാരന്റെ വിരുതുകൾ പുറത്തറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ താജ് ഹോട്ടലിൽ എത്തിയ തട്ടിപ്പുകാരൻ , 140 പൊറോട്ടയും 40 ബീഫും ഓർഡർ ചെയ്തു. ഭക്ഷണം പാചകം ചെയ്യാൻ ഒരു മണിക്കൂറിലേറെ സമയം വേണ്ടി വരുമെന്ന് ഹോട്ടലുടമ അറിയിച്ചു. ഇതോടെ താൻ അൽപസമയത്തിനുശേഷം മടങ്ങിയെത്താമെന്നായി തട്ടിപ്പുകാരൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ നിന്നും പോയ തട്ടിപ്പുകാരൻ 20 മിനിറ്റിനു ശേഷം വീണ്ടും മടങ്ങിയെത്തി. പൊറോട്ടക്കും ബീഫിനും പിന്നാലെ 30 ഊണും ഫ്രൈയും കൂടി ഇയാൾ പാഴ്സൽ ആയി ആവശ്യപ്പെട്ടു. ഇത് ഓർഡർ ചെയ്തശേഷം പുറത്തേക്ക് ഇറങ്ങിയ തട്ടിപ്പുകാരൻ , ഇയാൾ എത്തിയ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും ഹോട്ടലിൽ നൽകാൻ എന്ന വ്യാജേനെ 2000 രൂപയും വാങ്ങി കടന്നു കളയുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷവും യുവാവിനെ കാണാതെ വന്നതോടെ ഓട്ടോറിക്ഷ ഡ്രൈവർ ഹോട്ടലിനുള്ളിൽ കയറി പരിശോധന നടത്തിയതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തിറഞ്ഞത്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന്റെ വൻ കഥകളാണ് പുറത്തുവന്നത്. കുടയം പടിയിലെ ഇറച്ചി കടയിൽ എത്തിയ തട്ടിപ്പുകാരൻ ഇവിടെ 45 കിലോ ബീഫാണ് ഓർഡർ ചെയ്തത്. ബീഫ് വെട്ടി നുറുക്കാൻ കാത്ത് നിൽക്കുന്നതിനിടെ ഇവിടെ ആകെയുണ്ടായിരുന്ന 750 രൂപ കടമായി വാങ്ങിയ പ്രതി സ്ഥലം വിട്ടു. ബീഫ് തയ്യാറാക്കി ഒരു മണിക്കൂറോളം കാത്ത് നിന്നിട്ടും ആവശ്യപ്പെട്ടയാൾ എത്താതെ വന്നതോടെയാണ് കട ഉടമയ്ക്ക് തട്ടിപ്പിന് ഇരയായതായി വ്യക്തമായത്.
കുടയംപടിയിൽ തന്നെ പ്രവർത്തിക്കുന്ന മീൻ കടയിൽ എത്തി 25 കിലോ തള ഓർഡർ ചെയ്തു. ഈ തള തയ്യാറാകുന്നതിനിടെ തട്ടിപ്പുകാരൻ കടയിൽ നിന്നും 1000 രൂപയും വാങ്ങി സ്ഥലം വിട്ടു. രണ്ടുദിവസം മുമ്പ് കോട്ടയം നഗര മധ്യത്തിലെ മെത്ത കടയിൽ എത്തിയ തട്ടിപ്പുകാരൻ , മെത്ത ഓർഡർ ചെയ്തു ലോറിയിൽ ലോഡ് നിറച്ച ശേഷം ഇവിടെ നിന്നും 2000 രൂപയും വാങ്ങി മുങ്ങിയിരുന്നു. സമാന രീതിയിൽ കോട്ടയം നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതിനാൽ വ്യാപാരികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം ഉയർന്നിട്ടുണ്ട്.