കോട്ടയം ഗാന്ധിനഗറിൽ പെട്രോൾ പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു കളഞ്ഞു.ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിലുള്ള പി. എം ചെറിയാൻ കമ്പനിയുടെ ഐ ഒ സി പമ്പിലാണ് ഇന്ന് രാവിലെ മോഷണം നടന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ റാഷിദുൾ ഇസ്ലാം ആണ് പണം അപഹരിച് മുങ്ങിയത്. മറ്റൊരു ജീവനക്കാരൻ ഇന്നലെ വൈകുന്നേരത്തെ കളക്ഷൻ തുക എണ്ണിത്തിട്ടപ്പെടുത്തി പണം ലോക്കറിൽ വച്ച് പൂട്ടിയ ശേഷം പുറത്തിറങ്ങിയപ്പോൾ താക്കോൽ കൈക്കലാക്കി ലോക്കർ റൂമിൽ കയറിയ റാഷിദ് പണ് തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ ചായ കുടിക്കാൻ എന്ന പേരിൽ സ്ഥലം വിടുകയായിരുന്നു.
കഴിഞ്ഞ മാസം പമ്പിലെ മികച്ച ജീവനക്കാരായി തെരഞ്ഞെടുത്തവരിൽ ഒരാൾ റാഷിദായിരുന്നു. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇയാളുടെ ചിത്രം പമ്പിലെ നോട്ടീസ് ബോർഡിൽ ഒട്ടിച്ചിരുന്നു. ഇതിൽ നിന്നാണ് ഇയാളുടെ ചിത്രം പൊലീസിന് ലഭിച്ചത്. നാല് മാസം മുമ്പാണ് റാഷിദ് ഇവിടെ ജോലിക്ക് എത്തിയത്. എന്നാൽ റാഷിദുൾ ഇസ്ലാം എന്ന ഇയാളുടെ പേര് യഥാർത്ഥമാണോ എന്ന് ആർക്കും ഉറപ്പില്ല. ഇയാളുടെ തിരിച്ചറിയൽ രേഖകളൊന്നും ഈ സ്ഥാപനത്തിലെ ആരുടെയും പക്കലില്ല. ഇതര സംസ്ഥാനക്കാരനായ മറ്റൊരു ജീവനക്കാൻ മുഖേനയാണ് ഇയാൾ ജോലിക്കായി ഇവിടെ എത്തുന്നത്. അയാൾക്കും റാഷിദിന്റെ വിലാസമോ മറ്റ് വിശദാംശങ്ങളോ അറിയില്ല. മോഷണത്തിന് പിന്നിൽ റാഷിദ് ഒറ്റയ്ക്കാവാൻ ഇടയില്ലെന്നാണ് ഒപ്പം ജോലി ചെയ്തിരുന്നവർ പറയുന്നത്. പമ്പുടമയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.