കോട്ടയം: സാധാരണക്കാരൻ ഇവനിട്ട് രണ്ടിടി കിട്ടണമെന്ന് ആഗ്രഹിക്കും… ഇമ്മാതിരി ടീമിനെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇടിയ്ക്കും.. നല്ല ഇടി ഇടിയ്ക്കും… ഞാനേ പള്ളീലച്ചനല്ല… പൊലീസുകാരനാണ്…! നിവിൻ പോളിയുടെ സൂപ്പർ ഹിറ്റ് സിനിമ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗാണ് ഇത്… ഈ സിനിമയിലെ ഡയലോഗ് കേട്ട് ആവേശം കൊണ്ട് ഏതെങ്കിലും പൊലീസുകാരൻ, സ്വന്തം സഹ പ്രവർത്തകനെ ചവിട്ടിക്കൊന്ന ജിബിനെ പിടിച്ച് നാല് ഇടി ഇടിച്ചു എന്നു വിചാരിക്കുക.. എന്ത് സംഭവിക്കും…! കോടതിയിൽ ചെല്ലുമ്പോൾ മജിസ്‌ട്രേറ്റ് ചോദിക്കും, മോനെ നിന്നെ പൊലീസ് തല്ലിയോ… നിനക്ക് ഭക്ഷണം വാങ്ങി നൽകിയോ… ഈ ചോദ്യത്തിന്റെ മറുപടി പ്രതി പറഞ്ഞു തീരുമ്പോഴേയ്ക്കും പൊലീസുകാരന്റെ തൊപ്പി തലയിൽ നിന്നും തെറിച്ചിരിക്കും..!
നമ്മുടെ സമൂഹത്തിൽ ക്രിമിനലുകൾ വളരുന്നതിന് അമിതമായ മനുഷ്യാവകാശവും ഒരു പരിധിവരെ വളം വച്ചു കൊടുക്കുന്നുണ്ട്. സിനിമാ ഡയലോഗ് പോലെ തന്നെ – ഇവിടെ പൊലീസുള്ള കൊണ്ടും, പൊലീസിന്റെ കയ്യിൽപെട്ടാൽ നല്ല ഇടികിട്ടും എന്നുള്ള കൊണ്ടും – ഒരു പരിധിവരെ ഒതുങ്ങി നിന്ന ക്രിമിനലുകൾ ഇപ്പോൾ വിലസുന്നത് കോടതിയെ വിശ്വസിച്ച് തന്നെയാണ്. കോടതിയിലെത്തുമ്പോൾ തങ്ങൾക്ക് കിട്ടുന്ന ഇടിയ്ക്ക് എണ്ണിയെണ്ണി കണക്ക് പറയിക്കാമെന്ന ധൈര്യമാണ് ഓരോ ഗുണ്ടയുടെയും ആത്മബലം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത ഒരു ഇൻസ്‌പെക്ടറോടും, എ.എസ്.ഐയോടും പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് ഗുണ്ട ഭീഷണിപ്പെടുത്തി. ഇൻസ്‌പെക്ടറുടെ കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നും ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നുമായിരുന്നു ഭീഷണി. പ്രതിയെ പിടിക്കാൻ സഹായത്തിന് നിന്ന പൊലീസ് ഉദ്യോഗസ്ഥനോടും ഇതേ ഭീഷണി തന്നെ തുടർന്നു. സ്വാഭാവികമായി പൊലീസല്ല, ഏതു മനുഷ്യനാണെങ്കിലും ഇടിച്ചു പോകുന്ന സാഹചര്യം. പക്ഷേ, പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്‌ട്രേറ്റ് ആദ്യം ചോദിച്ചത് പ്രതിയോട് ഇടി കിട്ടിയിട്ടുണ്ടോ എന്നായിരുന്നു. മറുപടിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കിട്ടി കോടതി വക ശാസന.
ലഹരിയുടെ വീര്യത്തിലും സിനിമകൾ കണ്ട് ആവേശം കൊണ്ടു നിൽക്കുന്ന കൊടും ക്രിമിനലുകളെ ബിരിയാണി വാങ്ങി വഴി നടത്തി സ്റ്റേഷനിലെത്തിക്കാനാവില്ലെന്ന് തറപ്പിച്ച് പറയുകയാണ് ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ. പൊലീസ് സ്റ്റേഷനിൽ പോലും തെല്ലും കൂസലില്ലാതെ വന്നിരുന്ന് പൊലീസിനെ പോലും വെല്ലുവിളിക്കുന്ന രീതിയിലാണ് ഇപ്പോൾ ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുന്നത്. നിയമസംവിധാനങ്ങൾക്കൊപ്പം അൽപം ബലം കൂടി പ്രയോഗിക്കേണ്ട രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. പഴയ ഏട്ട് കുട്ടൻപിള്ളമാരില്ലെങ്കിലും ഗുണ്ടായിസം കാട്ടുന്നവന് നല്ല പിടയും പിഴയും നൽകാനുള്ള സ്വാതന്ത്ര്യമെങ്കിലും കേരള പൊലീസിനു നൽകിയില്ലെങ്കിൽ അക്രമങ്ങൾ വീണ്ടും ആവർത്തിക്കും. ജനങ്ങളോടു മൈത്രിയും ഗുണ്ടകളോടു പൊലീസ് മുറയും തന്നെ തുടരണം..!