സിഡ്നി: ഫോൺ കോളിൽ മുഴുകിയ പിതാവ് മകളെ ഡേ കെയറിൽ എത്തിക്കാൻ മറന്നു. കൊടും ചൂടിൽ കാറിൽ കഴിയേണ്ടി വന്ന ഒരു വയസുകാരിക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ സിഡ്നിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ കാറിനുള്ളിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. രാവിലെ ഡേ കെയറിൽ കൊണ്ടുവിട്ട മകളെ തിരികെ കൂട്ടാനായി എത്തിയപ്പോഴാണ് മകളെ ഡേ കെയറിൽ വിട്ടിട്ടില്ലെന്ന വിവരം ഒലീവിയ എന്ന ഒരു വയസുകാരിയുടെ പിതാവ് ഇറ്റിയന്ന ആൻസലറ്റ് തിരിച്ചറിഞ്ഞത്.
പിന്നാലെ നടത്തിയ തെരച്ചിലിലാണ് കാറിനുള്ളിലെ ചൈൽഡ് സീറ്റിൽ പിഞ്ചുകുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒന്നാം പിറന്നാൾ ആഘോഷിച്ചതിന് പിന്നാലെയാണ് ഒലീവിയ അതിദാരുണമായി മരണപ്പെടുന്നത്. 30 ഡിഗ്രി സെൽഷ്യസിൽ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കുട്ടികളെ തനിയെ വാഹനത്തിനുള്ളിൽ വിടുന്നത് ഏത് സമയത്തും അപകടകരമാണെന്നാണ് സംഭവത്തിന് പിന്നാലെ പൊലീസ് സൂപ്രണ്ട് നൽകുന്ന മുന്നറിയിപ്പ്. രണ്ട് വർഷം മുൻപ് മറ്റൊരു സംഭവത്തിൽ കൊടുംചൂടിൽ കാറിനുള്ളിൽ ആറ് മണിക്കൂർ കഴിയേണ്ടി വന്ന ആരിഖ് ഹസൻ എന്ന കുട്ടി സിഡ്നിയിൽ മരിച്ചിരുന്നു. മകനെ ഡേ കെയറിൽ വിട്ടെന്ന ധാരണയിൽ പിതാവ് ജോലിക്ക് പോയതോടെയായിരുന്നു ഇത്.