വായിലെ കാൻസർ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ സംസ്ഥാനതല പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ

ഫോട്ടോ : കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിൽ സംഘടിപ്പിച്ച ഓറൽ ലേഷ്യൻ സർവെയിലൻസ് പ്രോഗ്രാം ഉദ്ഘാടന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ദീപം തെളിയിക്കുന്നു

Advertisements

കൊച്ചി: വായിലെ കാൻസർ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗികളെ വേഗത്തിൽ വിദഗ്ധ ചികിത്സയിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി. ഡെന്‍റൽ വിദഗ്ധർ, കാൻസർ ചികിത്സ രംഗത്തെ പ്രമുഖ ഡോക്ടർമാർ, ആരോഗ്യ സംരക്ഷണ സ്ഥാനങ്ങൾ എന്നിവയുടെ കൂട്ടായ്മയിലാണ് പദ്ധതി നടപ്പാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാൻവിൻ (CanWin) എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതിക്ക് നേതൃത്വം നൽകുന്നത് ഇന്ത്യൻ ഡെന്‍റൽ അസോസിയേഷനാണ് (ഐ.ഡി.എ). വി.പി.എസ് ലേക്‌ഷോർ ആശുപത്രി, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവ ഉൾപ്പെടെ ആരോഗ്യ സ്ഥാപനങ്ങളാണ് പിന്തുണ നൽകുന്നത്.

ഇന്ത്യയിൽ പൊതുജനാരോഗ്യ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായി വായയിലെ കാൻസർ തുടരുകയാണെന്ന് ഐ.ഡി.എ കേരള സംസ്ഥാന പ്രസിഡന്‍റ് ഡോ. ഈപ്പൻ തോമസ് വ്യക്തമാക്കി. ഗുരുതരാവസ്ഥയിലെത്തിയ ശേഷമാണ് ഭൂരിഭാഗം രോഗികളും ചികിത്സ തേടുന്നത്. രോഗം മുൻകൂട്ടി തിരിച്ചറിയുകയെന്ന ലക്ഷ്യത്തോടെ കൂട്ടായ പരിശോധന നടത്തുന്നതിന് പ്രാധാന്യം നൽകുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിലെ കണക്കുകൾ പ്രകാരം ആകെയുള്ള കാൻസർ രോഗികളിൽ 30 ശതമാനവും വായിലെ കാൻസർ ബാധിതരാണ്. ഇതിൽ 70 ശതമാനത്തിലധികം കേസുകളിലും വൈകിയാണ് രോഗനിർണയം നടക്കുന്നത്. അതേസമയം, പ്രാരംഭ ഘട്ടത്തിലുള്ള രോഗനിർണയം അതിജീവന നിരക്ക് ഗണ്യമായി ഉയർത്താൻ സഹായകമാകും.

ഓറൽ ലേഷ്യൻ സർവൈലൻസ് പ്രോഗ്രാം (ഒ.എൽ.എസ്.പി) പദ്ധതിയുടെ ഭാഗമായി ഡെന്‍റൽ ക്ലിനിക്കുകളെയാണ് പ്രധാന കേന്ദ്രങ്ങളാക്കുന്നത്. വായയിലെ പ്രശ്നങ്ങൾ ചികിത്സിക്കാൻ ആളുകൾ സ്ഥിരമായി ഡെന്‍റിസ്റ്റുകളെ സമീപിക്കുന്നതിനാൽ, സംശയാസ്പദമായ മുറിവുകളോ വ്യതിയാനങ്ങളോ നേരത്തെ തിരിച്ചറിയാനുള്ള പ്രായോഗിക കേന്ദ്രങ്ങളായി ക്ലിനിക്കുകൾ മാറും.

വലിയൊരു വിഭാഗം ആളുകളിൽ ഇന്നും വായിലെ കാൻസർ കണ്ടെത്തുന്നത് ഏറെ വൈകിയാണെന്നും അത് ചികിത്സ കൂടുതൽ സങ്കീർണമാക്കുന്ന സാഹചര്യമുണ്ടെന്നും വി.പി.എസ് ലേക്‌ഷോർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്‍റുമായ ഡോ. മോനി എബ്രഹാം കുര്യാക്കോസ് പറഞ്ഞു. ഇതിലൂടെ ചികിത്സ കൂടുതൽ ബുദ്ധിമുട്ടേറിയതും ഫലങ്ങൾ അനിശ്ചിചതത്വം നിറഞ്ഞതുമാകുന്നു. രോഗികൾ പ്രാഥമികമായി ചികിത്സതേടുന്നയിടങ്ങളിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്താനാകുകയെന്ന ആശയമാണ് പദ്ധതിയിലൂടെ മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ഏകദേശം 6500 ഡെന്‍റൽ ക്ലിനിക്കുകളെ പദ്ധതിയുടെ ഭാഗമായി ഏർളി കാൻസർ ഡിറ്റക്ഷൻ സെന്‍ററുകളാക്കി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഐ.ഡി.എയുടെ വിവിധ ശാഖകളിലൂടെ സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിലൂടെയും എ.ഒ.എം.എസ്.ഐ കേരള, കെ.എസ്.ഒ.എം.പി, എ.എസ്.എം.ഐ.കെ എന്നീ സംഘടനകളുടെ സഹകരണത്തിലൂടെയും സമൂഹതല നിരീക്ഷണ ശൃംഖല രൂപപ്പെടുത്തും.

ഡെന്‍റിസ്റ്റുകൾക്ക് പരിശീലനം, രോഗവിവരം രേഖപ്പെടുത്തൽ, റഫറൽ സംവിധാനം എന്നിവ ഉൾപ്പെടുന്ന ചിട്ടയായ സംവിധാനം പദ്ധതിക്കുണ്ട്. സംശയാസ്പദമായ കേസുകൾ വൈകാതെ വിദഗ്ധരിലേക്കും ആശുപത്രികളിലേക്കും എത്തിക്കാൻ ഇത് സഹായകമാകും.

പതിവായുള്ള പരിശോധന ദന്തപരിചരണത്തിന്‍റെ ഒരു ഭാഗമാക്കുന്നതിനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് വി.പി.എസ് ലേക്‌ഷോർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം കൺസൾട്ടന്‍റ് ഡോ. അശ്വിൻ മുള്ളത്ത് വ്യക്തമാക്കി. തുടക്കത്തിലെയുള്ള മാറ്റങ്ങൾ ഡെന്‍റിസ്റ്റുകൾക്ക് തിരിച്ചറിയാൻ കഴിഞ്ഞാൽ രോഗികളെ ഉചിതമായ രീതിയിൽ കൃത്യമായ ചികിത്സയിലേക്ക് നയിക്കാനും രോഗനിർണയത്തിലെ കാലതാമസം കുറക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച ചികിത്സ ഫലങ്ങൾ േനടണമെങ്കിൽ രോഗനിർണയം സമൂഹത്തോട് കൂടുതൽ ചേർന്നുനിന്നുകൊണ്ടുള്ളതാകണമെന്ന് വി.പി.എസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു.
വായയിലെ കാൻസർ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ പദ്ധതി സഹായകമാണ്. ഇതിലൂടെ സംസ്ഥാനത്തെ വായയിലെ കാൻസർ ബാധിതരുടെ എണ്ണം ക്രമേണ കുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനങ്ങളുടെ സഹകരണവും ജീവകാരുണ്യ സാമ്പത്തിക പിന്തുണയും ഉൾപ്പെടുത്തി ഏകദേശം 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ചികിത്സ ചെലവ് വഹിക്കാൻ കഴിയാത്ത രോഗികൾക്ക് പദ്ധതിയിലൂടെ സമാഹരിക്കുന്ന ഫണ്ടിന്‍റെ സഹായം ലഭ്യമാക്കും.

Hot Topics

Related Articles