തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൈൽസ് വിത്ത് ഔട്ട് മിസ്റ്റേക്ക് 2.0 ലഹരി വിരുദ്ധ സംഗമത്തിന്റെയും വാക്കത്തോണിന്റെയും സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 24 വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് നടക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരം മാർ ദീയസ്കോറോസ് ഫാർമസി കോളേജിൽ നടക്കുന്ന ലഹരി വിരുദ്ധ സംഗമം എക്സൈസ് വകുപ്പ് മന്ത്രി മന്ത്രി എം. ലിജു പരിപാടി ഉദ്ഘാടനം ചെയ്യും. മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ, എഡിജിപി പി.വിജയൻ ഐ പി എസ് തുടങ്ങിയവർ സംസാരിക്കും.
ചടങ്ങിന് മുന്നോടിയായി വെള്ളി രാവിലെ 8.30ന് തിരുവനന്തപുരം സി.ഇ.ടി കോളജ് മുതൽ ചാവടി ജംഗ്ഷൻ വരെ നടത്തുന്ന ലഹരി വിരുദ്ധ വാക്കത്തോൺ വി.മുരളീധരൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലൂടെയും കടന്നുപോകുന്ന വാക്കത്തോണും ബോധവത്ക്കരണ പരിപാടിയും കാസർഗോഡ് ജില്ലയിൽ സമാപിക്കും.യുവജനങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുസമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒ.സി.വൈ.എം രണ്ടാംഘട്ട പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കുന്നത്.


