കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്ഥിരം പ്രശ്നക്കാരനുമായ ക്രിമിനൽക്കേസ് പ്രതിയും ഗുണ്ടയുമായ കുഞ്ഞാവയെ കരുതൽ തടങ്കലിലാക്കി. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ കാണക്കാരി വില്ലേജിൽ കാണക്കാരി കരയിൽ കണിയാംപറമ്പിൽ വീട്ടിൽ സുജേഷി (കുഞ്ഞാവ -23)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കരുതൽ തടങ്കലിലാക്കാൻ ഉത്തരവിട്ടത്.
ഇതേ തുടർന്നു സുജേഷിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. ഏറ്റുമാനൂർ, കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ആക്രമണങ്ങളും നരഹത്യാശ്രമം, മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി ആക്രമിച്ച് പരിക്കേൽപ്പിക്കുക, വസ്തുവകകൾ നശിപ്പിക്കുക തുടങ്ങിയ കേസ്സുകളിൽ പ്രതിയായ സുജേഷ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നരഹത്യാശ്രമ കേസ്സിൽ ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുന്നതാണെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പ അറിയിച്ചു.