തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും.
അതേസമയം തന്നെ സംസ്ഥാനത്ത് 27ന് കാലവര്‍ഷം തുടങ്ങാന്‍ സാധ്യതയന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവര്‍ഷം കേരളത്തില്‍ തുടങ്ങുമെന്ന നിഗമനം. കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനക്കും. വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
14-05-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം
15-05-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്
16-05-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം
17-05-2022: മലപ്പുറം, കോഴിക്കോട്, വയനാട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇടിമിന്നല്‍ – ജാഗ്രത നിര്‍ദ്ദേശങ്ങള്‍
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
– ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്ബോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്ബോള്‍ തന്നെ മല്‍സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ നിര്‍ത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വെക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്ബിലോ ഇരിക്കുന്നത് അപകടകരമാണ്.
– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.