കോട്ടയം: കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്നു യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിൽ പരാതി ലഭിച്ചത് ഞായറാഴ്ച വൈകിട്ട് ആറരയോടെ. പ്രതിയ്ക്കെതിരെ ലഭിച്ച പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, ഈ പരാതിയിൽ നടപടിയ്ക്കു കാത്തു നിൽക്കും മുൻപ് യുവതി ജീവനൊടുക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആറരയോടെ എഴുന്നേറ്റ യുവതിയെ പിന്നീട് മുറിയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഐഎഎസ് ഓഫിസറും മണിപ്പൂർ സബ് കളക്ടറുമായ ആഷിഷ് ദാസിന്റെ ഭാര്യ സഹോദരി കോട്ടയം കടുത്തുരുത്തി മാഞ്ഞൂർ വരകുകാലായിൽ വി.എം ആതിര(26)യാണ് ജീവനൊടുക്കിയത്
രണ്ടു വർഷം മുൻപുണ്ടായ സൗഹൃദത്തിന്റെ പേരിലാണ് യുവതിയ്ക്കു ഇപ്പോൾ ജീവൻ വെടിയേണ്ടി വന്നിരിക്കുന്നത്. രണ്ടു വർഷം മുൻപാണ് യുവതിയും അരുൺ വിദ്യാധരനും തമ്മിൽ സൗഹൃദമുണ്ടായിരുന്നത്. ഇതിനിടെ ഇരുവരും തമ്മിൽ സൗഹദം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, അടുത്തിടെ അതിരയ്ക്ക് വിവാഹാലോചനകൾ ആരംഭിച്ചതോടെയാണ് അരുൺ വീണ്ടും ശല്യവുമായി എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആതിരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയും, ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ചാറ്റിന്റെ വിവരങ്ങൾ അരുൺ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഞായറാഴ്ച വൈകിട്ട് ആറരയോടെ യുവതി കടുത്തുരുത്തി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് അരുൺ വിദ്യാധരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്, പൊലീസ് തിങ്കളാഴ്ച ബാക്കി നടപടികൾ എടുക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ആതിര ജീവനൊടുക്കിയത്.
സംഭവത്തെ തുടർന്ന് വൈക്കം എ.എസ്.പിയും കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസറും അടക്കമുള്ളവർ വീട്ടിൽ എത്തി. ബന്ധുക്കളെ കണ്ട് വിവരങ്ങൾ ആരായുകയും ചെയ്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നു ബന്ധുക്കൾ അറിയിച്ചു. പക്ഷേ, താൻ നൽകിയ പരാതിയിൽ നീതിയ്ക്കു കാത്തു നിൽക്കാതെ ആതിര പക്ഷേ മടങ്ങി. ആതിരയുടെ മരണത്തിന് പിന്നാലെ കടുത്തുരുത്തി പൊലീസ് അരുണിനെതിരെ കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണയും, സ്ത്രീത്വത്തെ അപമാനിക്കലും, സൈബർ കുറ്റകൃത്യങ്ങളും അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.