കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും പിടികൂടി. 22 കാരന്റെ വീടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എൽഎസ്ഡി സ്റ്റാമ്പും, ഹാഷിഷ് ഓയിലും പിടികൂടിയത്. പ്രതിയായ യുവാവ് സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. കാഞ്ഞിരപ്പള്ളി ഭൂതക്കുഴി ഇല്ലത്തുപറമ്പിൽ മുഹമ്മദ് കെസിന്റെ(22) വീട്ടിൽ നിന്നാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ ലഹരി വിരുദ്ധ സംഘവും, കാഞ്ഞിരപ്പള്ളി പൊലീസും ചേർന്ന് ലഹരി മരുന്ന് പിടികൂടിയത്.
പ്രദേശത്ത് വ്യാപകമായി കഞ്ചാവും മറ്റ് വീര്യം കൂടിയ ലഹരി മരുന്നുകളും വിൽപ്പന നടത്തുന്നതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വീര്യം കൂടിയ മാരക മയക്കുമരുന്നായ എൽഎസ്ഡിയുമായി മുഹമ്മദ് കെസ് എത്തിയതായി കണ്ടെത്തിയത്. തുടർന്നു പൊലീസ് സംഘം ഇയാളുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ട് പ്രതി വീട്ടിൽ നിന്നും ഓടിരക്ഷപെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ജോൺ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ, കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷിന്റോ പി.കുര്യൻ, എസ്ഐ അരുൺകുമാർ എന്നിവരുടെയും ജില്ലാ പൊലീസ് മേധാവി ലഹരി വിരുദ്ധ സംഘത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതിയ്ക്ക് എവിടെ നിന്നാണ് വീര്യം കൂടിയ ലഹരി മരുന്ന് കിട്ടിയത്, ഇയാളിൽ നിന്നും ലഹരി മരുന്ന് വാങ്ങിയവർ ആരൊക്കെ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.