കറുകച്ചാൽ: കോട്ടയം കറുകച്ചാലിൽ വൻ തട്ടിപ്പ്. ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് 25 ലോട്ടറിയും ആയിരം രൂപയും തട്ടിപ്പുകാരൻ തട്ടിയെടുത്തു. മാന്തുരുത്തി മാപ്പിളക്കുന്നേൽ എം.സി ജോസഫിനാണ് പണവും കയ്യിലുണ്ടായിരുന്ന ലോട്ടറികളും നഷ്ടമായത്. നമ്പർ തിരുത്തിയ ലോട്ടറികൾ നൽകിയാണ് ഇയാൾ പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തത്.
കഴിഞ്ഞ ദിവസം കോട്ടയം റോഡിൽ നെത്തല്ലൂർ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം ഉണ്ടായത്. ലോട്ടറി ടിക്കറ്റ് വിൽപ്പനയുടെ ഭാഗമായി ജോസഫ് തോട്ടയ്ക്കാട് ഭാഗത്തേയ്ക്ക് നടന്നു പോകുകയായിരുന്നു. ഈ സമയം ചമ്പക്കര ഭാഗത്തു നിന്നും ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് ആയിരം രൂപ ലോട്ടറി അടിച്ചതായി ഇദ്ദേഹത്തോട് പറഞ്ഞു. ആയിരം രൂപ വീതം സമ്മാനമടിച്ച് നാല് ലോട്ടറി ടിക്കറ്റുകൾ കൈവശമുണ്ടെന്നായിരുന്നു ബൈക്കിലെത്തിയ യുവാവ് പറഞ്ഞത്.
നമ്പർ ഒത്തു നോക്കിയ ശേഷം 25 ടിക്കറ്റുകൾ വാങ്ങി. തുടർന്ന് സമ്മാനമായി ആയിരം രൂപ കൂടി വാങ്ങിയ ശേഷം ഇയാൾ ബൈക്കിൽ യാത്ര തുടർന്നു. അൽപ ദൂരം മുന്നോട്ട് നടന്ന ശേഷം മാന്തുരുത്തിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് ടിക്കറ്റ് നമ്പർ തിരുത്തിയതാണ് എന്നു കണ്ടെത്തിയത്. തുടർന്ന് ജോസഫ് കറുകച്ചാൽ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്നു കറുകച്ചാൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോട്ടയം കറുകച്ചാലിൽ വൻ തട്ടിപ്പ്; ലോട്ടറി വിൽപ്പനക്കാരനെപ്പറ്റിച്ച് തട്ടിയെടുത്തത് 25 ലോട്ടറിയും ആയിരം രൂപയും; പണം നഷ്ടമായത് മാന്തുരുത്തി സ്വദേശിയ്ക്ക്
Advertisements