കോട്ടയം: കറുകച്ചാൽ മാന്തുരുത്തിയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രക്കാരനായ കായംകുളം സ്വദേശി രാഹുൽ (27)ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് നാലു യാത്രക്കാരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ കറുകച്ചാൽ ചങ്ങനാശേരി റൂട്ടിൽ മാന്തുരുത്തിയിലായിരുന്നു അപകടം. മൂന്നാറിൽ നിന്നും കായംകുളത്തേയ്ക്കു മടങ്ങുകയായിരുന്നു സംഘം. കാറിനുള്ളിൽ രണ്ട് സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച കാർ എതിർ ദിശയിൽ നിന്നും എത്തിയ സന്തോഷ് എന്ന സ്വകാര്യ ബസിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. കാറിനുള്ളിൽപ്പെട്ട യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ വൈകുന്നേരത്തോടെയാണ് രാഹുലിന്റെ മരണം സംഭവിച്ചത്. മറ്റുള്ളവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടത്തെ തുടർന്ന് ചങ്ങനാശേരി കറുകച്ചാൽ റോഡിൽ ഗതാഗത തടസവും ഉണ്ടായി.