കറുകച്ചാൽ: അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വിധവയായ വീട്ടമ്മയുടെ വ്യാജ ഒപ്പിട്ട് ചിട്ടി തട്ടിപ്പ് നടത്തിയ കേസിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ കറുകച്ചാൽ പൊലീസ്. സംഭവത്തിൽ കറുകച്ചാൽ പൊലീസ് കേസെടുക്കാതെ വന്നതോടെ വീട്ടമ്മ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയിട്ടും നടപടിയായില്ല.
കറുകച്ചാൽ നെടുങ്കുന്നം ഇലന്തുശേരി വീട്ടിൽ ആശ വി.ദേവാണ് തന്റെ വ്യാജ ഒപ്പിട്ട് കറുകച്ചാൽ അർബൻ സൊസൈറ്റിയിൽ നിന്നും എട്ടോളം ചിട്ടി തട്ടിയെടുത്തതായി പരാതി നൽകിയിരിക്കുന്നത്. കറുകച്ചാൽ ചെനപ്പറമ്പിൽ വീട്ടിൽ സിന്ധുഷാജിയ്ക്ക് എതിരെയാണ് ഇവരുടെ പരാതി.
സൊസൈറ്റിയെ അടക്കം കബളിപ്പിച്ച കേസിൽ സൊസൈറ്റി ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ കേസിൽ ഇതുവരെ പരാതി നൽകാൻ സി.പി.എം ഭരിക്കുന്ന സൊസൈറ്റി തയ്യാറായിട്ടില്ല. ഇതിന് പകരം പരാതിക്കാരെ ഭീഷണിപ്പെടുത്തി പരാതി പിൻവലിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഇതു സംബന്ധിച്ചുള്ള പരാതി ഉയർന്നത്. ഇതേ തുടർന്ന് പരാതിക്കാരിയായ ആശ കറുകച്ചാൽ പൊലീസിൽ പരാതിയും നൽകി. എന്നാൽ, വ്യാജ ഒപ്പിട്ട് ചിട്ടി തട്ടിയെടുത്തെന്ന പരാതി ലഭിച്ചെങ്കിലും പൊലീസ് ഒത്തു തീർപ്പിന് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് ആശ കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് പരാതി നൽകി. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പരാതിയിൽ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
ഇതിനിടെ സിന്ധു ഷാജിയെയും, ബാങ്ക് തട്ടിപ്പിന് കൂട്ടു നിന്ന ബാങ്ക് ജീവനക്കാരനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കറുകച്ചാലിലും പരിസരത്തും പൗരസമിതിയുടെ നേതൃത്വത്തിൽ പോസ്റ്ററും സ്ഥാപിച്ചു. ഇതിനിടെ സൊസൈറ്റി തട്ടിപ്പിൽ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്. പൊലീസും സൊസൈറ്റി അധികൃതരും ഒത്തു കളിക്കുന്നതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്.