കോട്ടയം : കോട്ടയം പള്ളിക്കത്തോട് ആനിക്കാട് വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടി. ആനിക്കാട് വില്ലേജ് ഓഫീസർ ജേക്കബ് തോമസിനെയാണ് കോട്ടയം വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയുടെ പട്ടയം കിട്ടിയ സ്ഥലം പോക്കുവരവ് ചെയ്തു നൽകുന്നതിനായി ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. രണ്ടുമാസം മുൻപ് നൽകിയ അപേക്ഷ ഇയാൾ മാസങ്ങളോളമായി വൈകിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. 15,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ട ഇയാൾ ഈ തുക എത്രയും വേഗം നൽകണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെട്ടു. ഇത് തുടർന്ന് പരാതിക്കാരൻ വിജിലൻസ് വി.ജി വിനോദ് കുമാറിന് പരാതി നൽകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം ബ്ളൂഫിനോഫ്തലിൻ പൗഡർ ഇട്ടു നൽകിയ 15000 രൂപ വില്ലേജ് ഓഫീസിൽ വച്ച് പരാതിക്കാരൻ വില്ലേജ് ഓഫീസർക്ക് കൈമാറി. പണം കൈപ്പറ്റുന്നതിനിടെ എത്തിയ വിജിലൻസ് ഡി വൈ എസ് പി വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വില്ലേജ് ഓഫീസറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും കൈക്കൂലി പണവും കണ്ടെത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് കോട്ടയം വിജിലൻസ് സംഘത്തിന് നേതൃത്വത്തിൽ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നത്. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.