കോട്ടയം: ഇന്ത്യന്‍ ക്രിസ്ത്യന്‍ വിമന്‍സ് മൂവ്‌മെന്റ് കേരളാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ‘നിന്നുള്ളം എന്റെ ഭാഗമാണ്’ എന്ന സന്ദേശവുമായി കാല്‍ കഴുകല്‍ ശുശ്രൂഷ സംഘടിപ്പിച്ചു.
ഇന്നലെ രാവിലെ കോട്ടയം സ്‌നേഹക്കൂട്ടില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായ വിവിധ മതങ്ങളില്‍പ്പെട്ട 20 സ്ത്രീകളുടെ പാദങ്ങളാണ് കഴുകി ചുംബിച്ചത്. ജാതിമത ലിംഗ ഭേദങ്ങള്‍ക്ക് അതീതമായ സാഹോദര്യം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിനായി തുടര്‍ന്ന് അവര്‍ പ്രതിജ്ഞയെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐ.സി.ഡബ്യൂ.എം കേരള ഘടകത്തിന്റെ സ്ഥാപക ഡോ.കൊച്ചുറാണി എബ്രാഹാം, അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ മിസ് ത്രേസ്യാമ്മ മാത്യു, സ്ത്രീപക്ഷ ദൈവശാസ്ത്ര ചിന്തകരായ ഓമന മാത്യു, ശാന്ത ജോര്‍ജ് ,സ്‌നേഹക്കൂട്ടിലെ നിഷമോള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഐ.സി.ഡബ്യൂ.എം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച 2017 മുതല്‍ തന്നെ കാല്‍ കഴുകല്‍ ശുശ്രൂഷ സംഘടിപ്പിച്ച് വരികയാണ്. യേശുകാണിച്ചുതന്ന ഒരു നല്ല മാതൃക പള്ളിയില്‍ ഒരു ചടങ്ങില്‍ ഒതുക്കേണ്ടതല്ല. ഇത് സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരണം. ആ കാഴ്ചപ്പാടിലാണ് പരിപാടി ആരംഭിച്ചതെന്ന് സിസ്റ്റര്‍ കൊച്ചുറാണി എബ്രഹാം പറഞ്ഞു.
സമൂഹത്തില്‍ ജാതി മതചിന്ത, പ്രത്യേകിച്ച് ചില സമുദായങ്ങള്‍ക്കിടയില്‍ ഇസ്‌ലാംവിരുദ്ധത ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കാല്‍ കഴുകല്‍ ശുശ്രൂഷ സംഘടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.
ദേശീയതലത്തില്‍ ക്രൈസ്തവ സ്ത്രീകളുടെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സ്ത്രീപക്ഷചിന്തയുള്ള ക്രൈസ്തവ സ്ത്രീകളുടെ കൂട്ടായ്മയാണ് ഐ.സി.ഡബ്യൂ.എം. ഒരു ക്രൈസ്തവ സഭയുടേയും കീഴിലല്ല. 2014 ലാണ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ഇന്ത്യയില്‍ ആരംഭിച്ചതെന്ന് സിസ്റ്റര്‍ കൊച്ചുറാണി എബ്രഹാം വ്യക്തമാക്കി.