കോട്ടയം: എൽ.ഡി.എഫിലേയ്ക്ക് ജോസ് കെ.മാണി നയിക്കുന്ന കേരള കോൺഗ്രസ് എം എത്തിയപ്പോൾ മുതൽ കേൾക്കുന്ന ചർച്ചയാണ് കോട്ടയത്ത് എൽ.ഡി.എഫ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി ആരാണ് എന്ന ചോദ്യം. കേരള കോൺഗ്രസിന്റെ രൂപീകരണത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായ കോട്ടയത്ത് പക്ഷേ, തങ്ങളാണ് വലുത് എന്ന അവകാശ വാദവുമായി സിപിഐയും കേരള കോൺഗ്രസും എന്നും മുന്നിൽ നിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും ഈ ചർച്ച സജീവമായിരിക്കുന്നത്. സിപിഐ ജില്ലാ സമ്മേളനം വൈക്കത്ത് നടക്കാനിരിക്കെ കേരള കൗമൗദിയ്ക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളാണ് കോട്ടയത്തെ വല്യേട്ടൻ എന്ന പരാമർശവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു ഉയർത്തിയതോടെയാണ് വിഷയം വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്.
സിപിഐയുടെ അളവുകോൽ ലോക്‌സഭ..!
സിപിഐയും – കേരള കോൺഗ്രസ് എമ്മും തമ്മിലുള്ള ബലാബലം പരിശോധിക്കുന്നതിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് അഡ്വ.വി.ബി ബിനു മാനദണ്ഡമാക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൈക്കത്ത് മാത്രമാണ് എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത് എന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പറയുന്നു. ഈ വൈക്കം നിയോജക മണ്ഡലം സി.പി.ഐയ്ക്ക് നിർണ്ണായക സ്വാധീനമുള്ള മേഖലയാണ്. വർഷങ്ങളായി സി.പി.ഐ എം.എൽ.എ മാത്രമാണ് വൈക്കത്ത് നിന്ന് വിജയിച്ചിട്ടുമുള്ളത്. എന്നാൽ, കേരള കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രങ്ങളായ കടുത്തുരുത്തി, പാലാ, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ഒന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ മുന്നോക്കം പോകാൻ സാധിച്ചില്ല. ഇത് സിപി.ഐയുടെ കണക്കുകൾ സാധൂകരിക്കുന്നതാണ് എന്ന് അദ്ദേഹം പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഎം കഴിഞ്ഞാൽ ജില്ലയിൽ എല്ലായിടത്തും വേരോട്ടമുള്ളത് സിപിഐയ്ക്കാണ്. മറിച്ചുള്ള പ്രചാരണം എല്ലാം അടിസ്ഥാന രഹിതമാണ്. ഒരു സമ്മേളന കാലയളവായ മൂന്നു വർഷം കൊണ്ട് സിപിഐയ്ക്ക് വളർച്ചയുണ്ടാക്കാൻ കഴിഞ്ഞതായും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ആഗസ്റ്റ് എട്ടു മുതൽ 10 വരെ വൈക്കത്താണ് സിപിഐ ജില്ലാ സമ്മേളനം നടക്കുന്നത്.