കോട്ടയം: പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച ആടിന്റെ മൃതദേഹം കോടിമത വെറ്റിനറി ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം അഭിഭാഷകൻ കടന്നു. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കോടിമത വെറ്റിനറി ആശുപത്രിയിലെ ഒപിയിൽ ഉപേക്ഷിച്ച ശേഷം അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ ആൾ കടന്നു കളഞ്ഞത്. സംഭവത്തിൽ മൃഗാശുപത്രി അധികൃതർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോട്ടയം കോടിമത വെറ്റിനറി ആശുപത്രിയിലായിരുന്നു സംഭവങ്ങൾ. 12 വയസുള്ള ആടിന്റെ മൃതദേഹവുമായി കുമാരനല്ലൂരിൽ നിന്നാണ് അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ ആൾ കോടിമത വെറ്റിനറി ആശുപത്രിയിൽ എത്തിയത്. അയൽവാസികൾ ആടിനെ വിഷം കൊടുത്ത് കൊന്നതാണെന്നും അടിയന്തരമായി പോസ്റ്റ്മോർട്ടം ചെയ്യണമെന്നും ഇയാൾ ഡോക്ടർമാരോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതി ഉള്ള സാഹചര്യത്തിൽ പോസ്റ്റ്മോർട്ടം നടത്തേണ്ടത് അതത് പ്രദേശത്തെ വെറ്റിനറി ഡോക്ടറാണെന്നും അതുകൊണ്ട് കുമരാനല്ലൂരിലെ മൃഗാശുപത്രിയിലേയ്ക്കു പോകാനും കോടിമതയിലെ ഡോക്ടർമാർ നിർദേശിച്ചു. ആദ്യ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിക്കണമെന്നും പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണം പോസ്റ്റ്മോർട്ടം നടത്താനെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ, ഇതിനു തയ്യാറാകാതിരിക്കുന്ന പരാതിക്കാരൻ തനിക്ക് മരണകാരണം മാത്രം അറിഞ്ഞാൽ മതിയെന്നും, കേസ് ആവശ്യമില്ലെന്നും അറിയിച്ചു.
ഈ സാഹചര്യത്തിൽ പോസ്റ്റ്മോർട്ടത്തിനായുള്ള അപേക്ഷയുമായി എത്താൻ ആശുപത്രി അധികൃതർ ഇയാളോടു പറഞ്ഞു. ആടിന്റെ മൃതദേഹം ഒപിയിൽ കിടത്തിയ ശേഷം അപേക്ഷ വാങ്ങാനെന്ന പേരിൽ പുറത്തേയ്ക്കു പോയ ഇയാൾ പിന്നീട് മടങ്ങിയെത്തിയില്ല. ഇതേ തുടർന്നു ഒപി ടിക്കറ്റിലുള്ള ഇയാളുടെ നമ്പരിൽ അധികൃതർ ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല. താൻ ആടിന്റെ ഉടമ അല്ലെന്നും, ഉടമ ആശുപത്രിയിലാണെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ബുധനാഴ്ച രാവിലെയായിട്ടും ആടിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളെത്താതെ വന്നതോടെ ആശുപത്രി അധികൃതർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. പൊലീസ് വിളിച്ചിട്ട് പോലും ഇയാൾ മൃതദേഹം ഏറ്റെടുക്കാൻ സ്ഥലത്ത് എത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.