കോട്ടയം: കെ.കെ റോഡിൽ കഞ്ഞിക്കുഴിയിൽ ബൈക്കിനു പിന്നിൽ കാറിടിച്ച് കുമരകം സ്വദേശികളായ അമ്മയ്ക്കും മകനും പരിക്ക്. സാരമായി പരിക്കേറ്റ ഇരുവരെയും ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. കോട്ടയം കുമരകം മാലിയത്തറ ബിബിൻ (20), മാതാവ് ബിന്ദു (48) എന്നിവർക്കാണ് പരിക്കേറ്റത്. ബിന്ദുവിന്റെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മകൻ ബിബിന് കാലിന്റെ കുഴയ്ക്കും, കയ്യുടെ കുഴയ്ക്കും പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കോട്ടയം കഞ്ഞിക്കുഴിയിലായിരുന്നു അപകടം. കെ.കെ റോഡിൽ കളത്തിപ്പടി ഭാഗത്തു നിന്നും ബൈക്കിൽ വരികയായിരുന്നു അമ്മയും മകനും. ഈ സമയം പിന്നാലെ വരികയായിരുന്നു കാർ. ഈ കാർ ബൈക്കിനു പിന്നിൽ തട്ടുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ഇരുവരെയും ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്നു ജില്ലാ ജനറൽ ആശുപത്രിയിൽ ഇവരെ ചികിത്സിച്ചു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു അയച്ചു.