കോട്ടയം: ഹോട്ടലിൽ പൊറോട്ടയടിക്കാൻ ആളില്ലെങ്കിൽ വണ്ടിയുമെടുത്ത് നേരെ തിരുനക്കര മൈതാനത്തേയ്ക്കു വിടും. കള്ളടിച്ച്, ചൊറിയും ചിരങ്ങും പിടിച്ച് കുളിക്കാതെ മൈതാനത്തിന്റെ മൂലയിൽ കിടക്കുന്ന ഏതെങ്കിലും സാമൂഹിക വിരുദ്ധനെ കണ്ടെത്തും. പകൽ ഹോട്ടലിലും , രാത്രി തട്ടുകടയിലും വിന്യസിയ്ക്കും. ഒന്ന് കുളിപ്പിച്ചെടുക്കാൻ പോലും മെനക്കെടാതെ, ഹെൽത്ത് കാർഡോ ആരോഗ്യ സുരക്ഷയോ ഇല്ലാതെ ഇവരാകും ഭക്ഷണം ഉണ്ടാക്കുക. എല്ലാം ജനത്തിന്റെ വിധി..!
കോട്ടയം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മാന്യത തോന്നാൻ വെള്ളയും വെള്ളയും ധരിച്ച് റോട്ടിലിറങ്ങുന്ന ചില സാമൂഹിക വിരുദ്ധരായ ഹോട്ടൽ ഉടമകളുടെ വികൃതമായ മുഖമാണ് ഇത്. കുറഞ്ഞ ചിലവിൽ വൻ ലാഭം ലക്ഷ്യമിട്ടാണ് ഇത്തരം കള്ള നാണയങ്ങൾ നഗരത്തിൽ തന്നെ ഹോട്ടൽ നടത്തുന്നത്. സ്വന്തം സ്ഥാപനം മോശമായ നിലയിൽ പ്രവർത്തിക്കുമ്പോൾ, മറ്റേതെങ്കിലും ഭാഗത്ത് നല്ല രീതിയിൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ചാൽ അത് പൂട്ടിയ്ക്കാൻ സ്വന്തം സ്വാധീനം ഉപയോഗിക്കുന്നവരും ഹോട്ടൽ രംഗത്ത് ഉണ്ട്. സാധാരണക്കാർക്ക് നല്ല ഭക്ഷണം ഒരിക്കലും ലഭിക്കരുതെന്ന ലക്ഷ്യത്തോടെ മാത്രമാണ് വെള്ളയിട്ട ഈ സാമൂഹിക വിരുദ്ധ മാഫിയ പ്രവർത്തിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്ത് ഹോട്ടൽ വ്യവസായം മാന്യമായ നിലയിൽ പ്രവർത്തിക്കണമെന്നു കരുതുന്ന ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ എന്ന സംഘടന കൃത്യമായ നിയമങ്ങളോടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഈ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാതെ സംഘടനയിൽ അംഗത്വം എടുക്കാൻ പോലും തയ്യാറാകാതെയാണ് ചില തട്ടിപ്പ് ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ഹോട്ടലുകൾ പ്രവർത്തിക്കുന്നതിന് അസോസിയേഷൻ കൃത്യമായ മാനദണ്ഡം ഉറപ്പാക്കുകയും, ഈ ഹോട്ടലുകളുടെ അടുക്കളയിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.
എന്നാൽ, സ്വന്തമായി സ്വാധീനമുണ്ടെന്നു കരുതുന്ന, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എല്ലാം തന്റെ വഴിക്കാക്കാമെന്നു ധരിക്കുന്ന വെള്ളയിട്ട മാഫിയ നിയന്ത്രിക്കുന്ന ചില ഹോട്ടൽ ഉടമകളാണ് കോട്ടയത്തിന്റെയും നാടിന്റെയും നാശം. ഇവർ സ്വന്തം താല്പര്യത്തിന് വേണ്ടി നാട്ടുകാരുടെ ഭക്ഷണത്തിൽ പോലും വിഷം കലർത്തുകയാണ്. മറ്റു ഹോട്ടലുകൾ പൂട്ടിക്കാനും, നാട്ടിലെ കയ്യേറ്റം മുഴുവനും ഒഴിപ്പിക്കാനും, ആകാശപ്പാതയുടെ കമ്പിയുടെ എണ്ണമെടുക്കാനും നടക്കുന്ന ചില വെള്ളയിട്ട പൊതുപ്രവർത്തകർ തന്നെയാണ് ഇത്തരത്തിൽ നാട്ടുകാർക്ക് മാന്യമായ ഭക്ഷണം നിഷേധിക്കുന്ന ഹോട്ടലുകൾക്ക് ചുക്കാൻ പിടിക്കുന്നതും, തണലാകുന്നതും. ഇത്തരം സാമൂഹിക വിരുദ്ധരെ തടയാൻ പക്ഷേ, കോട്ടയം നഗരസഭയ്ക്കും ആരോഗ്യ വിഭാഗത്തിനും സർക്കാരിനും സാധിക്കുന്നില്ല.