കോട്ടയം: വീട് വിറ്റ് സാധനങ്ങൾ മാറ്റിയ ശേഷം പുതിയ വീട്ടുടമയ്ക്ക് താക്കോൽ കൈമാറാൻ പോകുന്നതിനിടെ ബൈക്ക് ഇടിച്ച് മാങ്ങാനം സ്വദേശിയായ ഗൃഹനാഥന് ദാരുണാന്ത്യം. പുതുപ്പള്ളി – പാലൂർപ്പടി റോഡിൽ മാങ്ങാനത്ത് ചെമ്മരപ്പള്ളിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ചെമ്മരപ്പള്ളി സ്വദേശിയായ ചെമ്പകശേരിൽ സി.പി പൗലോസിന്റെ മകൻ സി.പി ജേക്കബ് (കൊച്ചുമോൻ -58) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് മാങ്ങാനം മന്ദിരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജേക്കബ്, വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് രാത്രി 12.30 ഓടെയാണ് മരിച്ചത്.
മാങ്ങാനം ചെമ്മരപ്പള്ളിയ്ക്ക് സമീപത്തെ ജേക്കബിന്റെ വീട് നേരത്തെ വിറ്റിരുന്നു. ഇന്നലെയാണ് ജേക്കബ് വീട് കാലിയാക്കിയ ശേഷം ഉടമയ്ക്ക് താക്കോൽ കൈമാറേണ്ട തീയതി. ഇതിനായി പുതിയ വീട്ടിൽ സാധനങ്ങൾ ഇറക്കിയ ശേഷം താക്കോലുമായി ലോറിയിൽ ജേക്കബ് പഴയ വീടിനു സമീപം എത്തി. ഇവിടെ ലോറിയിൽ നിന്നും റോഡിലേയ്ക്ക് ഇറങ്ങുന്നതിനിടെ എത്തിയ ബൈക്ക് ജേക്കബിനെ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചാണ് ജേക്കബ് വീണത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോധരഹിതനായി റോഡിൽ കിടന്ന ജേക്കബിനെ ഉടൻ തന്നെ മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. എന്നാൽ, രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെയ് 12 തിങ്കളാഴ്ച ഭവനത്തിൽ എത്തിക്കും. ഭവനത്തിലെ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം സംസ്കാരം ഐപിസ് കർമ്മേൽ സഭയുടെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ. ഭാര്യ: സെലിൻ ജേക്കബ് കളത്തിപ്പടി പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ’-നീതു സാറാ ജേക്കബ് (, സ്റ്റാഫ് നഴ്സ് ദുബായ്), പാസ്റ്റർ’ നിതീഷ് പോൾ ജേക്കബ് (ലൈറ്റ് റ്റവർ ചർച്ച് ഓഫ് ഗോഡ്. തൃക്കൊടിത്താനം).
മരുമക്കൾ – അഖിൽ മാത്യു. ( ദുബായ്), ലിറ്റാമോൾഐസക്ക് (മാങ്ങാനം)