കോട്ടയം: ക്രിസ്മസിന് ഇറച്ചി വിൽപ്പനയിൽ നേരിയ കുറവെന്ന് കണക്കുകൾ. മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ശേഖരിച്ച കണക്കുകൾ അനുസരിച്ചാണ് ജില്ലയിലെ ക്രിസ്മസ് കാലത്തെ ഇറച്ചി വിൽപ്പന കണക്കുകൾ ലഭ്യമായിരിക്കുന്നത്. ഇക്കുറി ഇറച്ചി വിൽപ്പനയിൽ കുറവുണ്ടാകാൻ കാരണം ജില്ലയിൽ വ്യാപകമായി സുനാമി ഇറച്ചി എത്തിയതാണ് എന്നാണ് വ്യാപാരികൾ പറയുന്നത്. ഇത് ആശങ്കപ്പെടുത്തുന്ന കണക്കാണെന്നും ഇവർ പറയുന്നു.
ക്രിസ്മസിന് 150 കിലോ ഇറച്ചിത്തൂക്കം വരുന്ന 950 ഓളം ഉരുക്കളെയാണ്് കോട്ടയം ജില്ലയിൽ ഇറച്ചിയ്ക്കായി അറുത്തത്. കഴിഞ്ഞ വർഷം 1100 ഉരുക്കളെയാണ് ക്രിസ്മസ് കാലത്ത് അറത്തത്. ഈ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഇക്കുറി മാംസ വിൽപ്പനയിലുണ്ടായ കുറവ് വ്യക്തമായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
440 രൂപ വരെയാണ് ബീഫിന് ജില്ലയിൽ ഈടാക്കിയിരുന്നത്. സുനാമി ഇറച്ചിയ്ക്ക് 300 രൂപ വരെ മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് വ്യാപകമായി സുനാമി ഇറച്ചി വിൽക്കാൻ ഇടയാക്കിയിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനത്ത് ഒരു ലക്ഷം കിലോ വരെയാണ് സുനാമി ഇറച്ചിയെത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് എതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇതുവരെയും നടപടികൾ ഉണ്ടായിട്ടില്ലെന്ന് ആരോപണം ഉണ്ട്.
കോട്ടയം ജില്ലയിൽ ക്രിസ്മസിന് വിൽപ്പന നടത്തിയ ഏറ്റവും തൂക്കം കൂടിയ ഉരു കുറവിലങ്ങാട് മാർക്കറ്റിലായിരുന്നു. രണ്ടായിരം കിലോയോളം തൂക്കം വരുന്ന 600 കിലോ ഇറച്ചിത്തൂക്കം വന്ന ഉരുവിനെയാണ് ക്രിസ്മസിന് ഇറച്ചിയാക്കിയത്. മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ ജോസഫിന്റെ വീട്ടിൽ നിന്നും വാങ്ങിയ കന്നാലിയായിരുന്നു ഇത്. 2.15 ലക്ഷത്തോളം രൂപയാണ് ഈ ഉരുവിനായി നൽകിയതെന്നാണ് ലഭിക്കുന്ന വിവരം.